ശ്രീകാര്യം: ശ്രീകാര്യം മാർക്കറ്റിലും സമീപത്തെ കടകളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ശ്രീകാര്യം എസ്.ഐ സജികുമാറുമായി വ്യാപാരികളുടെ തർക്കം. എസ്.ഐയുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ പിഴ ചുമത്തുന്നതിനുള്ള സ്റ്റിക്കറുകൾ ഒട്ടിക്കുന്നെന്നാണ് വ്യാപാരികളുടെ പരാതി. ഇത് കച്ചവടത്തെ ബാധിക്കുന്നെന്ന് വ്യാപാര സംഘടനകൾ വഴി കച്ചവടക്കാർ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇന്നലെയും സംഭവം ആവർത്തിച്ചതോടെയാണ് വ്യാപാരികളും ശ്രീകാര്യം എസ്.ഐ സജികുമാറുമായി വാക്കേറ്റമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് 4 മുതൽ 6 വരെ വ്യാപാരികൾ കടകളടച്ച് ധർണ നടത്തി. എന്നാൽ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ജംഗ്‌ഷനിൽ ശ്രീകാര്യം - ചെമ്പഴന്തി റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്ന ഭാഗം വരെ ഇരുവശത്തും പാർക്കിംഗ് അനുവദനീയമല്ലെന്നും അതിന് ശേഷമുള്ള ഭാഗത്ത് താത്കാലിക വാഹന പാർക്കിംഗ് അനുവദിക്കാറുണ്ടെന്നും എസ്.ഐ പറഞ്ഞു. നോ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്കുചെയ്യുമ്പോഴാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതെന്നും അതിനാലാണ് നടപടി സ്വീകരിക്കേണ്ടിവരുന്നതെന്നും എസ്.ഐ പറഞ്ഞു.