തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വിവിധ ജീവനക്കാരുടെ സംഘടനകളിൽ നിന്ന് ഏക അംഗീകൃത യൂണിയനെ തിരഞ്ഞെടുക്കാനുള്ള റഫറണ്ടം നടപടികൾക്കെതിരെ ക്ഷേത്ര ജീവനക്കാരനായ ബബിലു ശങ്കർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. 40 ശതമാനം വരുന്ന താത്കാലിക ജീവനക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതെ നടത്തുന്ന റഫറണ്ടം നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം. ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഓഫീസറുടെ തീരുമാനം ഭരണസമിതി നേരത്തെ മരവിപ്പിച്ചിരുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്ന ശേഷം മാത്രം ആ വിഷയം പരിഗണിച്ചാൽ മതിയെന്ന് ജില്ലാ ജഡ്ജി ചെയർമാനായ ഭരണസമിതി തീരുമാനിച്ചിരുന്നു.