പാറശാല: ചെങ്കവിളയിൽ പ്രവർത്തിക്കുന്ന കാരോട് ഫാർമേഴ്‌സ് വെൽഫെയർ കോ -ഓപ്പറേറ്റിവ് സൊസൈറ്റിയിൽ കോടികളുടെ തിരിമറിയെന്ന് ആരോപണം. ഒളിവിൽപ്പോയ സംഘം സെക്രട്ടറി, മുൻ പ്രസിഡന്റ്, മുൻ ക്ലാർക്ക് എന്നിവർക്കെതിരെ പൊഴിയൂർ പൊലീസ് കേസെടുത്തു. സംഘത്തിലെ സ്ഥിര നിക്ഷേപകന്റെ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് നെയ്യാറ്റിൻകര സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. സ്ഥിര നിക്ഷേപകർക്ക് സംഘത്തിന്റെ പേരിൽ സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷം രേഖകളിൽ സെക്രട്ടറിയുടെയും മുൻ പ്രസിഡന്റിന്റെയും സ്വന്തംപേരിലും ബന്ധുക്കളുടെ പേരുകളിലും ഉൾപ്പെടുത്തിയെന്നാണ് പരാതി. 2014ൽ പ്രവർത്തനമാരംഭിച്ച സംഘത്തിന്റെ ആദ്യ പ്രസിഡന്റ് കഴിഞ്ഞ ഒരു വർഷം മുമ്പ് മുങ്ങിയതിനെ തുടർന്ന് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഇതിനിടെ സംഘത്തിലെ നിക്ഷേപകരായ ചിലർ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് തിരിമറി പുറത്തായത്. സംഘത്തിന്റെ ചിട്ടിയിലും യഥാർത്ഥ അംഗങ്ങൾക്ക് പകരം വ്യാജ പേരുകൾ ഉൾപ്പെടുത്തിയ ശേഷം തുക പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. ഒമ്പതംഗ ഭരണസമിതിയിൽ നിലവിൽ ഏഴ് മാസം മുമ്പ് ചുമതലയേറ്റ പ്രസിഡന്റ് ഷിനോജും ആറ് അംഗങ്ങളും മാത്രമാണുള്ളത്. രണ്ട് ഭരണസമിതി അംഗങ്ങൾ നേരത്തെ രാജിവച്ചിരുന്നു.