india-win-cricket
india win cricket

ഇൻഡോർ : ഹോം ടെസ്റ്റുകളിൽ സ്പിൻ കെണിയൊരുക്കി എതിരാളികളെ കുരുക്കി വീഴ്ത്തുന്ന പതിവൊക്കെ ഇന്ത്യൻ ക്രിക്കറ്റിൽ ഇനി മാറ്റിയെഴുതാം. സ്വന്തംനാട്ടിലും മാച്ച് വിന്നർമാരായ പേസർമാരുമായി വിരാട് കൊഹ്‌ലിക്ക് നെഞ്ചുവിരിച്ചു നിൽക്കാം.

ഇൻഡോറിൽ ബംഗ്ളാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം തന്നെ ഇന്ത്യയ്ക്ക് ഒരു ഇന്നിംഗ്സിന്റെയും 130 റൺസിന്റെയും തകർപ്പൻ വിജയമൊരുക്കിയത് പേസർമാരായ മുഹമ്മദ് ഷമിയും ഇശാന്ത് ശർമ്മയും ഉമേഷ് യാദവും ചേർന്നാണ്. രണ്ട് ഇന്നിംഗ്സുകളിലുമായി വീണത് 20 വിക്കറ്റുകളിൽ. 14 ഉം പേസർമാരുടെ സഞ്ചിയിലേക്കായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ ടോസ് ബാറ്റിംഗിനിറങ്ങി 150 റൺസിൽ ആൾ ഒൗട്ടായ ബംഗ്ളാദേശിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ അടിച്ചുകൂട്ടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 493 റൺസ്. ഇന്നലെ രാവിലെ തലേന്നത്തെ സ്കോറിൽ ഇന്ത്യ ഡിക്ളറേഷൻ നടത്തിയപ്പോൾ 343 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ളാദേശ് 69.2 ഒാവറി​ൽ 213 ന് ആൾ ഒൗട്ടായി. നാലുവിക്കറ്റുമായി ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തി സ്പിന്നർ അശ്വിനും രണ്ടുവിക്കറ്റുമായി ഉമേഷ യാദവും ഒരു വിക്കറ്റുമായി ഇശാന്തുമാണ് ഇന്ത്യൻ ബൗളിംഗിൽ മിന്നിയത്. മുഷ്‌ഫിഖുർ റഹിം (64), ലിട്ടൺ ദാസ് (35), മെഹ്ദി ഹസൻ (38) എന്നിവർ മാത്രമാണ് സന്ദർശക നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. ഇരട്ട സെഞ്ച്വറി നേടിയ മായാങ്ക് അഗർവാളാണ് മാൻ ഒാഫ് ദ മാച്ച്.

493/6

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ. കരിയറിലെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറി നേടിയ മായാങ്ക് അഗർവാളിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികവായത്. 330 പന്തുകൾ നേരിട്ട മായാങ്ക് 28 ബൗണ്ടറികളും എട്ട് സിക്സുകളുമടക്കമാണ് കരിയറിലെ ഉയർന്ന സ്കോറായ 243 ലെത്തിയത്. അജിങ്ക്യ രഹാനെ (86), രവീന്ദ്ര ജഡേജ (66 നോട്ടൗട്ട), യേതേശ്വർ പുജാര (54) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി.

150

ബംഗ്ളാദേശിനെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ ആൾ ഒൗട്ടാക്കിയ സ്കോർ. ഷമിക്ക് മൂന്ന് വിക്കറ്റ്. ഇശാന്ത്, ഉമേഷ്, അശ്വിൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം. മുഷ്‌ഫിഖുർ (43) ടോപ് സ്കോർ.

213

രണ്ടാം ഇന്നിംഗ്സിൽ ബംഗ്ളാ സ്കോർ: ഷമിക്ക് നാല് വിക്കറ്റ്. അശ്വിന് മൂന്ന്. ഇശാന്തിന് ഒന്ന് , ഉമേഷിന് രണ്ട്. മുഷ്ഫിഖുർ (64) തന്നെ ഇത്തവണയും ടോപ് സ്കോർ.

58/7

രണ്ട് ഇന്നിംഗ്സുകളിലുമായി 29 ഒാവറുകൾ എറിഞ്ഞ മുഹമ്മദ് ഷമി 58 റൺസ് വഴങ്ങി വീഴ്ത്തിയത് ഏഴ് വിക്കറ്റുകൾ. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റുകൾ.

14/20

ഇരു ഇന്നിംഗ്സുകളിലുമായി 14 ബംഗ്ളാദേശി വിക്കറ്റുകളാണ് ഇന്ത്യൻ പേസർമാർ വീഴ്ത്തിയത്. ബാക്കി അഞ്ച് വിക്കറ്റുകൾ അശ്വിന്, ഒരു റൺ ഒൗട്ട്.

ഇനി പിങ്ക് പന്തിൽ

പരമ്പരയിലെ രണ്ടാം ടെസ്റ്റ് 21ന് കൊൽക്കത്തയിൽ തുടങ്ങുന്നത് ചരിത്രത്തിലേക്കുള്ള ചുവടുവയ്പാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്ന ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനാണ് ഇൗഡൻ ഗാർഡൻസ് ആതിഥ്യം വഹിക്കുന്നത്. ഇൻഡോറിൽ ആദ്യടെസ്റ്റിന്റെ മത്സര സമയത്തിനുശേഷം രാത്രി പിങ്ക് പന്തിൽ പരിശീലിക്കുകയായിരുന്നു ഇന്ത്യൻ ടീം.

നമ്മുടെ പേസർമാർ അവരുടെ മികവിന്റെ അങ്ങേയറ്റത്തായിരുന്നു. അവർ എറിയാനെത്തുമ്പോൾ ഏതുപിച്ചും ബൗളിംഗ് പിച്ചായി മാറും. ബുംറയുടെ അസാന്നിദ്ധ്യത്തിലാണ് ഇൗ മികവ് കാട്ടുന്നത്. ബുംറ കൂടി തിരിച്ചെത്തുമ്പോൾ ഡ്രീം കോമ്പിനേഷനായി മാറും.

വിരാട് കൊഹ്‌ലി

ഇന്ത്യൻ ക്യാപ്ടൻ

ഇത് ഞങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ്. പരസ്പരം ചർച്ച ചെയ്തും ഉപദേശിച്ചും ആശയങ്ങൾ പങ്കുവച്ചുമാണ് ഞങ്ങൾ പന്തെറിഞ്ഞത്.

ഇശാന്ത് ശർമ്മ

ഒാരോരുത്തരുടെയും മികവ് ഞങ്ങൾ ആസ്വദിക്കുന്നു. ആരോഗ്യകരമായ മത്സരം മാത്രമേ ഞങ്ങൾക്കിടയിലുള്ളു. ഇനി പിങ്ക് പന്തിലും മികവ് കിട്ടണം.

മുഹമ്മദ് ഷമി

ഇന്ത്യൻ പിച്ചുകളിൽ വിജയത്തിന് വഴിയൊരുക്കാൻ കഴിഞ്ഞത് ബോണസായി ഞങ്ങൾ പേസർമാർ കാണുന്നു. കൂടുതൽ വിക്കറ്റ് വീഴ്ത്തിയാൽ കൂടുതൽ ഒാവറുകൾ എറിയാൻ ലഭിക്കുമല്ലോ?

ഉമേഷ് യാദവ്