തിരുവനന്തപുരം: അർഹതയുണ്ടെന്നും ജീവിച്ചിരിപ്പുണ്ടെന്നും തെളിവ് നൽകിയില്ലെങ്കിൽ അടുത്തവർഷം മുതൽ സാമൂഹ്യക്ഷേമ പെൻഷൻ കിട്ടില്ല. 30നകം ആധാർ കാർഡോ പെൻഷൻ കാർഡോ സഹിതം അക്ഷയ സെന്ററുകളിലാണ് തെളിവ് നൽകേണ്ടത്. വിരലടയാളവും നൽകണം. ഇതിന് മസ്റ്ററിംഗ് എന്നാണ് പറയുന്നത്. സമയം ഡിസംബർ 15 വരെ നീട്ടിയേക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
മസ്റ്ററിംഗിലൂടെ നിലവിലെ പെൻഷൻ പട്ടികയിൽ നിന്ന് 15 ശതമാനം പേരെയെങ്കിലും ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. 46.9 ലക്ഷം പേർക്ക് സർക്കാർ നേരിട്ട് വിവിധ സാമൂഹ്യസുരക്ഷാ പെൻഷനുകൾ നൽകുന്നുണ്ട്. ക്ഷേമനിധി വഴി 6.5 ലക്ഷം പേർക്കും നൽകുന്നു. 3.5 ലക്ഷം പേർക്ക് സർക്കാർ സഹായമില്ലാതെ ക്ഷേമനിധികൾ തന്നെ പെൻഷൻ നൽകുന്നു. 1200 രൂപ വീതം 53.4 ലക്ഷം പേർക്ക് പെൻഷൻ നൽകാൻ ഈ വർഷം 7706 കോടി രൂപയാണ് ചെലവ്.