കണ്ണൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഇന്നലെ നടന്ന 400മീറ്റർ ഫൈനൽ മത്സരങ്ങൾ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വീറും വാശിയുമേറിയ മത്സരത്തിനാണ് ഇന്നലെ സർവകലാശാല സ്റ്റേഡിയം സാക്ഷിയായത്. സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശിയായ രോഹിത്തിനാണ് ഒന്നാം സ്ഥാനം (49.29 സെക്കന്റ്). പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായ രോഹിത് ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ 400മീറ്റർ ഹർഡിൽസ് ചാമ്പ്യനാണ്. 400മീറ്റർ ഹർഡിൽസിലെ മുൻ ദേശീയ ചാമ്പ്യനായ അമ്മാവൻ ഹരിദാസാണ് രോഹിതിന്റെ റോൾ മോഡൽ. ധനേഷന്റെയും സപ്നയുടെയും മകനാണ്.
ആലപ്പുഴ മാവേലിക്കര ബി.എച്ച്.എച്ച്.എസ്.എസിലെ ആർ. ഹരിശങ്കറിനാണ് വെള്ളി (49.87സെക്കന്റ്).
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥി എസ്. അക്ഷയ് ജേതാവായി (49.93സെക്കന്റ്). കോഴിക്കോട് ബാലുശേരി സ്വദേശിയായ അക്ഷയ് ന്റെ സംസ്ഥാന സ്കൂൾ കായിക മേളയിലെ ആദ്യ സ്വർണമാണ് ഇത്. കഴിഞ്ഞ സംസ്ഥാന കായികമേളയിലും സ്കൂൾ നാഷണൽസിലും പങ്കെടുത്തിട്ടുണ്ട്. ശൈലേഷിന്റെയും സിന്ധുവിന്റെയും മകനാണ്.
പാലക്കാട് മാത്തൂർ സി.എഫ്.ഡി.വി എച്ച്.എസ്.എസിലെ കെ. അഭിജിത്തിനാണ് രണ്ടാം സ്ഥാനം (50.33സെക്കന്റ്)
സബ്ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി സ്മാരക സ്പോർട്സ് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥി വിഷ്ണു എം.കെ ജേതാവായി (53.82 സെക്കന്റ്). തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന കായികമേളയ്ക്കെത്തുന്ന വിഷ്ണുവിന്റെ ആദ്യ സ്വർണമാണ് ഇത്. പാലക്കാട് കുമരംപുത്തൂർ കെ.എച്ച്.എസിലെ മൊറാംഗ്ദം സനജോബയ്ക്കാണ് വെള്ളി (54.83 സെക്കന്റ്).