നെയ്യാറ്റിൻകര: നഗരസഭയിലെ സി.പി.എം ഭരണത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന മൂന്നുദിവസത്തെ പ്രക്ഷോഭ പരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കും. ഭരണസമിതിയിലെ അഴിമതി, അന്യായമായ നികുതി വർദ്ധന, മാലിന്യം നീക്കം ചെയ്യാതിരിക്കൽ, റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാൻ ചെയർപേഴ്സന്റെ വാർഡിൽ 56 ലക്ഷം രൂപ മുടക്കി റോഡ് നിർമ്മിച്ചത്, കുളങ്ങളുടെ പുനരുദ്ധാരണത്തിലെ അഴിമതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ തുക വകമാറ്റൽ തുടങ്ങിയ ആരോപണങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്.
നഗരസഭയിലെ 44 വാർഡുകളിലും പ്രചാരണ ജാഥ സഞ്ചരിക്കും.
ഇന്ന് രാവിലെ 8 ന് വഴിമുക്കിൽ നിന്നാരംഭിക്കുന്ന വാഹനപ്രചാരണ ജാഥ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് തമ്പാനൂർ രവി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പത്മകുമാർ അദ്ധ്യക്ഷനായിരിക്കും. ജാഥ ആറാലുമ്മൂട്, ടൗൺ വഴി ഓലത്താന്നിയിൽ സമാപിക്കും. സമാപന സമ്മേളനം ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്യും. പി.സി. പ്രതാപ് അദ്ധ്യക്ഷനായിരിക്കും.19ന് രാവിലെ പുന്നയ്ക്കാട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ജാഥ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. മാമ്പഴക്കര രാജശേഖരൻ അദ്ധ്യക്ഷനായിരിക്കും. വൈകിട്ട് 6 ന് നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷനിൽ നടക്കുന്ന യോഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 20 ന് രാവിലെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് നടക്കുന്ന മാർച്ച് വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്യും. സമര സമിതി ചെയർമാൻ സോളമൻ അലക്സ് അദ്ധ്യക്ഷനായിരിക്കും. മാരായമുട്ടം സുരേഷ്, അഡ്വ. എസ്.കെ. അശോകകുമാർ, ജോസ്‌ഫ്രാങ്ക്‌ളിൻ, വെൺപകൽ അവനീന്ദ്രകുമാർ, പ്രതിപക്ഷ നേതാവ് എ. ലളിത, ഗ്രാമം പ്രവീൺ തുടങ്ങിയർ സംസാരിക്കും.