കാട്ടാക്കട: ജോലി കഴിഞ്ഞ് മടങ്ങിയ കാട്ടാക്കട താലൂക്ക് ഓഫീസിലെ ഡ്രൈവർ സെയ്ദിനെ നാലംഗ സംഘം മർദ്ദിച്ചതായി പരാതി. ഇക്കഴിഞ്ഞ നാലിന് താലൂക്ക് ഓഫീസിൽ ജീപ്പ് പാർക്ക് ചെയ്‌ത് മടങ്ങുമ്പോഴാണ് സംഭവമെന്ന് കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ സെയ്ദിന്റെ ഒരു കണ്ണിന് ഗുരുതര പരിക്കുണ്ട്. സെയ്ദ് മെഡിക്കൽ കോളേജ് ആശുപത്രി, കണ്ണാശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. കാട്ടാക്കട ടൗണിലെ യാത്രാതടസം നീക്കാൻ മുന്നിട്ടിറങ്ങിയതാണ് ആക്രമണത്തിന് കാരണമെന്ന് സെയ്ദിന്റെ പരാതിയിൽ പറയുന്നു. അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് പൗരമുന്നണി സംസ്ഥാന പ്രസിഡന്റ് മാമ്പഴക്കര സോമൻ ആവശ്യപ്പെട്ടു.