iit-madras

ഇല്ലെങ്കിൽ തെളിവുകൾ മാദ്ധ്യമങ്ങൾക്ക് കൈമാറും

തിരുവനന്തപുരം: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്‌ക്കകം അറസ്റ്റു ചെയ്യണമെന്ന് പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ തെളിവുകൾ മാദ്ധ്യമങ്ങൾക്ക് കൈമാറും. ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

നടന്നതെല്ലാം ദുരൂഹമാണ്. ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബും കൈവശമുണ്ട്. അവയിലെ രേഖകൾ അന്വേഷണ ഉദ്യേഗസ്ഥർക്ക് കൈമാറുന്നതിനെക്കുറിച്ച് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കും. മരണത്തിന് ഉത്തരവാദി ആരാണെന്ന് മകൾ തന്നെ വ്യക്തമാക്കിയതാണ്. സുദർശനൻ പത്മനാഭനെതിരെ കൃത്യമായ തെളിവുകൾ ശേഖരിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. നാല് മാസം മാത്രമാണ് മകൾ കാമ്പസിലുണ്ടായിരുന്നത്. ഇങ്ങനെ മരണമടയുന്ന അവസാന വിദ്യാർത്ഥിയായിരിക്കണം തന്റെ മകൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്.

പരിഷ്‌കൃത സമൂഹത്തിൽ കാണാൻ കഴിയാത്തത്ര മോശം പെരുമാറ്രമാണ് കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ അനുഭവിച്ചത്. സാമ്പത്തിക ശേഷിയുള്ളതുകൊണ്ടാണ് താൻ കേസുനൽകിയതെന്ന ഐ.ഐ.ടിയുടെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. തന്നേക്കാൾ സാമ്പത്തികസ്ഥിതിയുള്ളയാളാണ് സുദർശനൻ. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഐ.ഐ.ടി അധികൃതർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. സർക്കാരിന്റെ ഇടപെടലിൽ വലിയ പ്രതീക്ഷയുണ്ടെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.