തിരുവനന്തപുരം: മലയാളഭാഷാ വാരാചരണത്തിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പുസ്‌തകോത്സവത്തിന് ഇന്ന് തുടക്കമാകും.ഉച്ചയ്ക്ക് 12.30ന് പബ്ലിക് ഓഫീസ് റിക്രിയേഷൻ ഓഡിറ്റോറിയത്തിൽ മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന സെക്രട്ടറി എം.എ. അജിത് കുമാർ സംസാരിക്കും. വൈകിട്ട് 5ന് ജീവനക്കാർക്കായി ലൈബ്രറി ഹാളിൽ ഉപന്യാസരചനാ മത്സരം നടക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12.30 ഡി.പി.ഐ ഹാളിൽ ജീവനക്കാർക്കിടയിലെ സാഹിത്യകാരൻമാരെ പരിചയപ്പെടുത്തുന്ന പരിപാടി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. 20ന് ഉച്ചയ്ക്ക് 12.30ന് കരമന ടാക്‌സ് ടവറിൽ നടക്കുന്ന കവിയരങ്ങും 21ന് ഉച്ചയ്ക്ക് 12.30ന് കളക്ടറേറ്റിൽ പുസ്‌തകചർച്ചയും നടക്കും. 22ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന യോഗം വഴുതക്കാട് സഹകരണ ഭവനിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും .യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി,​ ബി. അനിൽകുമാർ, എസ്. ഗോപകുമാർ, എസ്. സജീവ് കുമാർ, കെ.ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.