photo

നെടുമങ്ങാട് :വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സംഗമ ഭൂമിയായ നെടുമങ്ങാട്ട് ടൂറിസം മോർട്ടൽ സ്ഥാപിക്കാനുള്ള സർക്കാർ നടപടിക്ക് ഉദ്യോഗസ്ഥരുടെ പാര. സർക്കാർ ഉപേക്ഷിച്ച വാമനപുരം ഇറിഗേഷൻ പ്രോജക്ടിന്റെ (വി.ഐ.പി) ഓഫീസ് നിർവഹണത്തിനായി നേരത്തെ നിർമ്മിച്ച പത്താംകല്ലിലെ കെട്ടിട സമുച്ചയം ടൂറിസം വകുപ്പിന് കൈമാറാനുള്ള നടപടികൾ അധികൃതരുടെ അനാസ്ഥയിൽ തകിടം മറിഞ്ഞതായാണ് സൂചന. ദീർഘകാലമായി ഉപയോഗ ശൂന്യമായി കിടക്കുന്ന 1.53 ഏക്കർ സ്ഥലവും ഇവിടെ നിർമ്മിച്ച മന്ദിരവും ടൂറിസം വകുപ്പിന് വിട്ടു നല്കാൻ പോയ വർഷം ഡിസം.6 ന് ടൂറിസം,ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനം ഇനിയും നടപ്പിലായിട്ടില്ല.സി.ദിവാകരൻ എം.എൽ.എയുടെ ശക്തമായ ഇടപെടലിനൊടുവിൽ കഴിഞ്ഞ ജൂലായ് 24 ന് ജലവിഭവ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥലത്തിന്റെ ഉടമാവകാശം ഇറിഗേഷൻ വകുപ്പിൽ നിലനിറുത്തി,ടൂറിസം പദ്ധതിയുടെ ലാഭവിഹിതം തങ്ങൾക്ക് കൂടി ലഭ്യമാവുന്ന തരത്തിൽ ടൂറിസം പോർട്ടലിന് ഉപയോഗാനുമതി നൽകാൻ എടുത്ത തീരുമാനവും പാഴായി. ഇനിയും കാലതാമസം നേരിട്ടാൽ പദ്ധതിയുടെ ഒന്നാംഘട്ടം പോലും പൂർത്തിയാക്കാൻ സാധിക്കാതെ വരും. ലാഭം എങ്ങനെ വീതിക്കണമെന്നത് സംബന്ധിച്ച് പദ്ധതി വിഭാഗം ചീഫ് എൻജിനിയർ സമർപ്പിച്ച പ്രൊപ്പോസലിൽ എഗ്രിമെന്റ് വ്യവസ്ഥയിൽ വ്യക്തത ഇല്ലാത്തതാണ് നടപടികൾ കുഴയാൻ കാരണമെന്നാണ് ഇറിഗേഷൻ വകുപ്പ് വൃത്തങ്ങളുടെ വിശദീകരണം.ആവശ്യമായ ഭേദഗതിയോടു കൂടി പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിശദീകരണമുണ്ട്. പദ്ധതി എപ്പോൾ തുടങ്ങാൻ പറ്റുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.

മന്ദിരം നിർമ്മിച്ചത് 1996 ൽ

പദ്ധതി രൂപരേഖ

1990 കളിലാണ് വാമനപുരം ഇറിഗേഷൻ പദ്ധതിയെക്കുറിച്ച് സർക്കാർ തലത്തിൽ ആലോചന തുടങ്ങുന്നത്. വാമനപുരം നദിയുടെ ആരംഭ ദശയിലുള്ള വിതുര പഞ്ചായത്തിലെ കല്ലാറിൽ പദ്ധതിക്ക് വേണ്ടി ഡാം നിർമ്മിക്കാനായിരുന്നു തീരുമാനം.ഏകദേശം 5000 ഏക്കർ വനഭൂമി നഷ്ടപ്പെടുത്തി ഇവിടെ വെള്ളം സംഭരിച്ചു നിറുത്തിയാൽ നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകളിലെ പതിനായിരത്തോളം ഏക്കർ നെൽകൃഷിക്ക് വെള്ളമെത്തിക്കാമെന്നായിരുന്നു വിശദീകരണം.ജനങ്ങൾ സംഘടിച്ച് കല്ലാർ സംരക്ഷണ സമിതി രൂപീകരിച്ച് സമരത്തിനിറങ്ങിയെങ്കിലും എതിർപ്പുകളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു സർക്കാർ.ഇതിന്റെ ഭാഗമായി 1994 ജൂലൈ 8നു തറക്കല്ലിട്ട് 1996 ഫെബ്രുവരി 1 ന് ഉദ്ഘാടനം നടത്തിയ മന്ദിരമാണ് പത്താംകല്ലിലേത്.ഓഫീസ് കോംപ്ലസ് കൂടാതെ ജീവനക്കാർക്കുള്ള ക്വർട്ടേഴ്‌സും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. എക്സിക്യുട്ടീവ് എൻജിനീയർ,അസി.എക്സിക്യുട്ടീവ് എൻജിനീയർ,സ്‌പെഷ്യൽ തഹസീൽദാർ എന്നിങ്ങനെ മുഴുവൻ ഉദ്യോഗസ്ഥർക്കുമുള്ള ഓഫീസായിരുന്നു ഇത്.

കൈമാറ്റം തടസപ്പെടുത്തുന്നത് എന്തിന് ?

ഉപേക്ഷിക്കപ്പെട്ട പദ്ധതിയായതിനാൽ വി.ഐ.പി മന്ദിരത്തിലെ വൈദ്യുതി ചാർജ് അടയ്ക്കാൻ കഴിയില്ലെന്ന ഓഡിറ്റ് ഒബ്ജക്ഷൻ വന്നതോടെ ഓഫീസ് അടച്ചുപൂട്ടി.മന്ദിരത്തിന്റെ വാതിലുകളും ജനാലയും നശിപ്പിച്ച നിലയിലാണ്. മറ്റേതെങ്കിലും വകുപ്പിന് നൽകി കെട്ടിടവും സ്ഥലവും ഉപയോഗ പ്രദമാക്കാൻ ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. നെടുമങ്ങാട് അനുവദിച്ച റവന്യു ഡിവിഷൻ ഓഫീസ് (ആർ.ഡി.ഒ) ഉൾപ്പടെ നിരവധി സർക്കാർ സ്ഥാപനങ്ങൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് പത്താംകല്ല് വി.ഐ.പി മന്ദിരം അന്യാധീനപ്പെടുന്നത്. തിരുവനന്തപുരം-നെടുമങ്ങാട് പാതയിലെ മർമ്മപ്രധാന ഭാഗത്ത് സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ സുരക്ഷിത താവളമായി മാറിയ വി.ഐ.പി മന്ദിരത്തെ കുറിച്ച് 2018 ഡിസംബർ 24 ന് ''മോചനം തേടി ഭാർഗവീനിലയം"" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.തുടർന്ന് സി.ദിവാകരൻ എം.എൽ.എ മുൻകൈ എടുത്ത് ആരംഭിച്ച നടപടികളാണ് തകിടം മറിഞ്ഞിരിക്കുന്നത്.

നെടുമങ്ങാട്ട് ടൂറിസം പോർട്ടൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ടു മന്ത്രിമാർ വിളിച്ച എല്ലായിടത്തും ഞാൻ പോയി. ചെറിയ ഒരു പേപ്പർ വർക്ക് മാത്രമാണ് ഇനിയുള്ളത്.ഒരു കൊല്ലമായി ഇത് കഴിഞ്ഞിട്ടില്ല.തീരുമാന പ്രകാരമുള്ള നടപടി സ്വീകരിച്ച് പദ്ധതി നടപ്പിലാക്കുകയോ അല്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കുകയോ ചെയ്യണം.ഇതിൽ രണ്ടിലൊന്ന് ഉടൻ ചെയ്യണം.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി സഭയിൽ വരാൻ ഉദ്ദേശിക്കുന്നില്ല.

--സി.ദിവാകരൻ എം.എൽ.എ (നിയമസഭയിൽ പറഞ്ഞത്)