3.10മീറ്റർ
കണ്ണൂർ: റെക്കാഡ് നേടണമെന്ന ലക്ഷ്യത്തോടെയാണ് ബ്ലെസി കുഞ്ഞുമോൻ ഇന്നലെ പോൾ കയ്യിലെടുത്തത്. പരിശീലന സമയത്ത് 3.40മീറ്റർ ചാടിയ ആത്മവിശ്വാസത്തിൽ കനത്ത വെയിലിനോട് പടവെട്ടി സ്വർണം കൈപിടിയിലൊതുക്കിയെങ്കിലും റെക്കോഡ് മറികടക്കാനായില്ല. സീനീയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ 3.10മീറ്റർ ചാടിയാണ് സുവർണ നേട്ടം.
മകളുടെ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ പാലക്കാട് തച്ചമ്പാറ മാച്ചാതോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അച്ഛൻ കുഞ്ഞുമോനും അദ്ധ്യാപികയായ അമ്മ ആൻസിയും ചേട്ടൻ ലിറ്റോയും സർവകലാശാല സ്റ്റേഡിയത്തിന് സമീപമുണ്ടായിരുന്നു. തന്റെ പ്രകടനം കാണാൻ രക്ഷിതാക്കൾ വരണമെന്ന് ബ്ലെസി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സഹോദരൻ ലിറ്റോ പവർലിഫ്ടിംഗ് ചാമ്പ്യനാണ്. ഗവ. വി.എച്ച്.എസ് മണീടിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ ബ്ലെസി കോതമംഗലം മാർബേസിൽ നിന്ന് പത്താം ക്ലാസിലാണ് മണീട് സ്കൂളിലെത്തുന്നത്. ചാൾസ് ആണ് പരിശീലകൻ. 9ാം ക്ലാസിൽ പഠിക്കുമ്പോ യാദൃശ്ചികമായാണ് ബ്ലെസി പോൾവാൾട്ടിലേക്ക് തിരിയുന്നത്. സംസ്ഥാന കായികോത്സവത്തിൽ റെക്കോഡ് നേടാനായില്ലെങ്കിലും തന്റെ പ്രിയ ഇനമായ പോൾവാൾട്ടിൽ ദേശീയതലത്തിൽ മികച്ച നേട്ടം കൈവരിക്കാനാകുമെന്ന വിശ്വാസത്തിലാണ് ബ്ലെസി.
സബ്ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ സ്വർണം നേടിയ മണീട് സ്കൂളിലെ ലിജി സാറയെ പരിശീലകൻ ചാൾസിന്റെ അടുത്തെത്തിച്ചത് ബ്ലെസിയുടെ അമ്മയാണ്. ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ വെങ്കലമെഡൽ ജേതാവാണ് ബ്ലെസി. ഇന്ന് വൈകിട്ട് നടക്കുന്ന ജാവലിൻ ത്രോയിലും ട്രിപ്പിൾ ജംപിലും മത്സരിക്കേണ്ടതായിരുന്നു.എന്നാൽ രണ്ട് മത്സരങ്ങളും ഒരേ സമയത്തായതിനാൽ ട്രിപ്പിൾ ജമ്പിൽ പങ്കെടുക്കുന്നില്ല.