ഗൗരവം കുറഞ്ഞ1600 കേസുകൾ ലോക്കൽ പൊലീസിന് തിരികെ നൽകും
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രൈംബ്രാഞ്ചിന് ഇനി സി.ബി.ഐയുടെ മുഖം! ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ചിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. രാഷ്ട്രീയ സമ്മർദ്ദം ഉൾപ്പെടെ പല കാരണങ്ങളാൽ ക്രൈംബ്രാഞ്ചിനെ ഏല്പിച്ച, ഗൗരവസ്വഭാവം കുറഞ്ഞ1600 കേസുകൾ ലോക്കൽ പൊലീസിന് തിരികെ നൽകും. ഇതിൽ കൂടുതലും തമ്മിൽത്തല്ല്, അടിപിടി, സ്ത്രീകളെ ശല്യം ചെയ്യൽ എന്നീ കേസുകളാണ്. ശേഷിക്കുന്ന 2200 കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും.
ക്രൈംബ്രാഞ്ച് മേധാവിയായി ടോമിൻ ജെ.തച്ചങ്കരി ചുമതലയേറ്റതോടെയാണ് പരിഷ്കാരങ്ങൾക്ക് തുടക്കമായത്. തച്ചങ്കരിയുടെ നിർദേശങ്ങൾ ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയായിരുന്നു. പരിഷ്കാരത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രവേശനത്തിന് എഴുത്തുപരീക്ഷയും അഭിമുഖവും ഏർപ്പെടുത്തി. ഏറ്റവും മിടുക്കരായ സേനംഗങ്ങൾക്കേ ഇനി ക്രൈബ്രാഞ്ചിന്റെ പടി കടക്കാനാകൂ. വർഷങ്ങളായി ഡെപ്യൂട്ടേഷൻ വഴിയും അല്ലാതെയും ക്രൈംബ്രാഞ്ചിലെത്തിയവരെ ഒഴിവാക്കി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.
പുതുതായി ക്രൈംബ്രാഞ്ചിൽ എടുത്തവർക്ക് നിരന്തര പരിശീലനം നൽകും. സി.ബി.ഐ അക്കാഡമി, ദേശീയ കുറ്റാന്വേഷണ അക്കാഡമി എന്നിവയ്ക്കു പുറമെ എെ.എം.ജി, പൊലീസ് ട്രെയിനിംഗ് കോളേജ്, പൊലീസ് അക്കാഡമി എന്നിവിടങ്ങളിലാണ് പരിശീലനം. ഓരോ സംഘവും അവരെ ഏൽപ്പിക്കുന്ന കേസിൽ എന്ത് അന്വേഷണം നടത്തി, കണ്ടെത്തലുകൾ എന്തെല്ലാം, അന്വേഷണം എത്രനാൾ തുടരേണ്ടിവരും തുടങ്ങിയ വിവരങ്ങൾ ഓരോ മാസവും മേധാവിയെ അറിയിക്കണം.
പെരിയ, വാളയാർ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഏറെ പഴികേട്ട സാഹചര്യത്തിൽ ഇത്തരം പേരുദോഷം ഒഴിവാക്കാനാണ് ശ്രമം.
കേസ് തെളിയിച്ചാൽ പാരിതോഷികം
കേസ് തെളിയിച്ചാൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകാനുള്ള ശുപാർശ ആഭ്യന്തര വകുപ്പിനു മുന്നിലുണ്ട്. കൂടാതെ പ്രത്യേക ആനുകൂല്യങ്ങളും നൽകും. മെച്ചപ്പെട്ട വാഹനസൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും.
സേനാ ബലം
ആകെ 850
മേധാവി 1
ഐ.ജി 3
എസ്.പി 17
ഡിവൈ.എസ്.പി 54
സി.ഐ 52
ജോലിഭാരം: താരതമ്യം
നിലവിൽ കേരള ക്രൈംബ്രാഞ്ചിന്റെ ഫയലിൽ - 3800 കേസുകൾ
കർണ്ണാടക ക്രൈം ബ്രാഞ്ചിൽ - 500
മഹാരാഷ്ട്രയിൽ -800
സി.ബി.ഐ ഉദ്യോഗസ്ഥർ ഒരു വർഷം അന്വേഷിക്കുന്നത് : 5 കേസുകൾ
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് അന്വേഷിക്കേണ്ടി വരുന്നത്: 60- 80 കേസുകൾ
കേസുകളുടെ വരവ്
1. കോടതി കൈമാറുന്നത്
2 സർക്കാർ ഉത്തരവ് മുഖേന
3 ഡി.ജി.പിയുടെ ഉത്തരവ് മുഖേന