kovalam

കോവളം: സി.പി.എം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും പി.കെ.എസ് കോവളം ഏരിയാ സെക്രട്ടറിയുമായ പൂങ്കുളം കല്ലടിച്ചാൻമൂല പാലാഴിയിൽ സന്തോഷിന്റെ വീടിന്റെ വരാന്തയിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ പുലർച്ചെ 5.30 ഒാടെയാണ് വാതിലിനോട് ചേർന്ന് ഇവ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യുവിനോടും ഭാര്യ പ്രമീളയോടും സന്തോഷ് പേപ്പർ ചുരുട്ടിയിട്ട പോലുള്ള വസ്‌തുവിനെക്കുറിച്ച് ചോദിച്ചെങ്കിലും അവർക്കറിയില്ലെന്ന് പറഞ്ഞതോടെ സുഹൃത്തിനെ വിവരമറിയിച്ചു. എന്നാൽ ഇത് എന്താണെന്ന് മനസിലാകാതിരുന്ന സന്തോഷ് ഇവ കൈയിലെടുത്ത് മറ്റൊരിടത്തേക്ക് മാറ്റി. സുഹൃത്ത് സ്ഥലത്തെത്തിയശേഷം രണ്ടുപേരുംകൂടി പരിശോധിച്ചപ്പോഴാണ് ടേപ്പ് ഒട്ടിച്ച നിലയിൽ കണ്ട പൊതിക്കുള്ളിൽ ജലാറ്റിൻ, കുപ്പിച്ചിലുകൾ, ഇരുമ്പ് കമ്പിയുടെ കഷണങ്ങൾ, കോൺക്രീറ്റ് മെറ്റൽ, സ്‌ഫോടകശേഷിയുള്ള വെടിമരുന്ന് എന്നിവ കണ്ടത്. പരിഭ്രാന്തിയിലായ ഇരുവരും ഉടൻ കോവളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ഇത് നാടൻ ബോംബാണെന്ന് സ്ഥിരീകരിച്ചത്. ബക്കറ്റിലെ വെള്ളത്തിലിട്ട് ഒരെണ്ണം പൊലീസ് നിർവീര്യമാക്കി. ശനിയാഴ്ച അർദ്ധരാത്രിയിൽ വീടിന്റെ സമീപത്തായി ഒരു ഹോണ്ട ആക്ടിവ വന്നതായി സമീപവാസിയായ കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്തുള്ള സി.സി ടിവി കാമറകൾ പരിശോധിക്കുന്നതായി കോവളം പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ. പി.എസ്. ഹരികുമാർ ആവശ്യപ്പെട്ടു. പൊലീസ് ശേഖരിച്ച മറ്റൊരു ബോംബ് ഫോറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കുമെന്ന് എസ്.ഐ അനീഷ് കുമാർ പറഞ്ഞു.