nn

നെയ്യാറ്റിൻകര: സമനീതി, അധികാര പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നെയ്യാറ്റിൻകര രൂപതയിൽ നടക്കുന്ന ലത്തീൻ സമുദായ സംഗമത്തിന്റെയും കെ.എൽ.സി.എ സംസ്ഥാന സമ്മേളനത്തിന്റെയും മുന്നോടിയായുളള വിശ്വാസ ജ്വാല പ്രയാണം ആരംഭിച്ചു. നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ദീപം കെ.എൽ.സി.എ രൂപത പ്രസിഡന്റ് ഡി. രാജുവിന് നൽകി ഉദ്ഘാടനം ചെയ്തു. ലത്തിൻ കത്തോലിക്കരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും പിന്നാക്കാവസ്ഥ പഠിക്കാനും കമ്മിഷൻ ആവശ്യമില്ലെന്ന മന്ത്രി എ.കെ. ബാലന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബിഷപ് പറഞ്ഞു. വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, ശുശ്രൂഷ കോ ഓ ഓഡിനേറ്റർ മോൺ. വി.പി. ജോസ്, അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.എസ്.എം. അനിൽകുമാർ, കെ.എൽ.സി.എ സംസ്ഥാന സമിതി അംഗം ജെ. സഹായദാസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ, രൂപത സെക്രട്ടറി സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. രൂപതയിലെ 11 ഫെറോനകളുടെയും പ്രതിനിധികൾ ജ്വാല പ്രയാണത്തിനായി മെഴുകുതിരികൾ സ്വീകരിച്ചു. എല്ലാ ബിസിസികളിലും ഇന്ന് സമുദായ സംഗമ വിശേഷാൽ കുടുംബയോഗങ്ങൾ നടക്കും. അടുത്ത ഞായറാഴ്ച രൂപതയിലെ 11 ഫെറോനകളിലും വിളംബര ബൈക്ക് റാലി നടക്കും. ഡിസംബർ 1 നാണ് സമുദായ സംഗമവും ലക്ഷം സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന റാലിയും നെയ്യാറ്റിൻകരയിൽ നടക്കുക.