നഗരൂർ: ബേക്കറി തൊഴിലാളി ചികിത്സയിലിരിക്കേ മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നഗരൂർ പൊലീസ് കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് കായരളം വേളം ഗണപതി ക്ഷേത്രത്തിനുസമീപം കുട്ടൻചേരി വീട്ടിൽ കെ. അരവിന്ദ (54) നാണ് മരിച്ചത്. ബുധനാഴ്ച നഗരൂരിലുള്ള സുഹൃത്തുക്കളുടെ താമസസ്ഥലത്ത് അവശനിലയിൽക്കണ്ട ഇയാളെ കേശവപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ എത്തിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ മരിച്ചത്‌. വിവിധ ബേക്കറികളിൽ ബോർമ തൊഴിലാളിയായി പ്രവർത്തിച്ചിട്ടുണ്ട്. 12 ന് രാത്രി ബേക്കറി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. ബഹളത്തിനിടെ ഇയാൾ വീണതായും സംശയമുണ്ടെന്ന് നഗരൂർ എസ്.ഐ എം. സഹിൽ പറഞ്ഞു.