വർക്കല: വർക്കലയിലെ ടൂറിസംമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാനുതകുന്ന മിനി ഇൻഡോർ സ്റ്റേഡിയം സ്ഥാപിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന കായികപ്രേമികളുടെ ആവശ്യം അവഗണിക്കപ്പെടുന്നതായി വ്യാപകപരാതി.
2015ലെ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നാലാമത്തെ ബീച്ചായി തിരഞ്ഞെടുക്കപ്പെട്ട വർക്കല പാപനാശം ബീച്ചിൽ സ്പോർട്സ് ടൂറിസത്തിന് സാദ്ധ്യതകളേറെയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബില്യാർഡ്സ്, സ്നൂക്കർ, ബാഡ്മിന്റൻ, ടേബിൾടെന്നീസ്, വോളിബാൾ, ബാസ്ക്കറ്റ്ബാൾ തുടങ്ങിയ കായികഇനങ്ങൾ പരിശീലിക്കുന്നതിനും വിനോദസഞ്ചാര സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സ് എന്ന ആവശ്യവുമായി കായികപ്രേമികൾ മുന്നോട്ടുവന്നത്. എന്നാൽ, ഇതാണ് ദീർഘനാളായിട്ടും ഫലംകാണാതെ നീളുന്നത്.
വർക്കല ടൂറിസം വികസനത്തിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന നിർദ്ദിഷ്ട സെന്റർഫോർ പെർഫോമിംഗ് ആർട്സിന്റെ അനുബന്ധ പ്രോജക്ടായി സ്റ്റേഡിയം കോംപ്ലക്സ് ഉൾപ്പെടുത്തിയാൽ വർക്കലയുടെ വിനോദസഞ്ചാര വികസനത്തിന്റെ മുഖം തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോംപ്ലക്സ് നിർമ്മാണത്തിന്റെ 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാന സർക്കാരും 25 ശതമാനം നഗരസഭയും ചെലവഴിച്ച് ഒരു സംയുക്ത സംരംഭമായി ഇത് നടത്താവുന്നതാണ്.