university-

 16 പരീക്ഷകളിൽ 12ലും ക്രമക്കേട്.;മാർക്ക് ലിസ്റ്റും റദ്ദാക്കും

 അന്വേഷണത്തിന് സാങ്കേതിക വിദഗ്ദ്ധരുടെ സഹായവും തേടും

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പ് വിവാദത്തിൽ മോഡറേഷൻ തിരിമറിയിലൂടെ നൽകിയ അധിക മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസലറുടെ നിർദ്ദേശം. അധിക മാർക്ക് നേടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. നിശ്ചയിച്ച മോഡറേഷനെക്കാൾ കൂടുതൽ മാർക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
മാർക്ക് തട്ടിപ്പിൽ പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊപ്പം പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സഹായവും തേടിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിൽ അപാകതയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ന് വിശദമായ പരിശോധന നടക്കും. ഒരു പരീക്ഷയുടെ മോഡറേഷൻ മാർക്ക് ഒന്നിലധികം തവണ തിരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2016 മുതൽ 2019 വരെ നടത്തിയ ബി.എ, ബി.എസ്.സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. 16 പരീക്ഷകൾ നടന്നതിൽ 12 എണ്ണത്തിലും ക്രമക്കേട് കണ്ടെത്തി. .

ഒരേ പരീക്ഷയുടെ മാർക്ക്

പലവട്ടം തിരുത്തി

ഒരേ പരീക്ഷയുടെ മോഡറേഷൻ മാർക്ക് തന്നെ ഒന്നിലധികം തവണ തിരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തട്ടിപ്പിന് പിന്നിൽ ആരൊക്കെയാണെന്ന ചോദ്യത്തിനൊപ്പം ആർക്കൊക്കെ വേണ്ടിയാണ് മാർക്കിൽ ക്രമക്കേട് നടത്തിയതെന്നും കണ്ടെത്താനായിട്ടില്ല.

70 കമ്പ്യൂട്ടർ യൂസർ

ഐ.ഡികൾ റദ്ദാക്കി

മാർക്ക് തട്ടിപ്പ് കണ്ടെത്തിയ ഇ.എസ് സെക്ഷനിലെ 70 കമ്പ്യൂട്ടർ യൂസർ ഐ.ഡികൾ റദ്ദാക്കി. നിലവിൽ 39 ജീവനക്കാരുള്ള സെഷനിൽ ഇരട്ടിയോളം ഐ.ഡികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണിത്. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരുടെ ഐ.ഡികൾ റദ്ദുചെയ്യാൻ ഐ.ടി സെൽ നടപടി എടുത്തില്ല. ഈ അനാസ്ഥയാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.
മാർക്ക് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനായി രണ്ട് ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് നൽകിയ പാസ്‌വേഡ് ദുരുപയോഗം ചെയ്‌തതായും വ്യക്തമായി. മാർക്ക് രേഖപ്പെടുത്താനായി പാസ്‌വേഡ് പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാർക്കും നൽകിയിരുന്നതായി ഇവർ സർവകലാശാലയെ അറിയിച്ചിട്ടുണ്ട്.

ഇതിലൊരു ഉദ്യോഗസ്ഥ 2018ൽ തസ്തിക മാറിപ്പോയിട്ടും അവരുടെ പാസ്‌വേഡ് ഐ.ടി സെൽ മരവിപ്പിച്ചില്ല. രണ്ടാമത് ഇതേ തസ്തികയിൽ വന്ന ഉദ്യോഗസ്ഥയുടെ പാസ്‌വേഡും ദുരുപയോഗിച്ചതായാണ് റിപ്പോർട്ട്.


അന്വേഷണസമിതി

യോഗം ഇന്ന്

തട്ടിപ്പിനെക്കുറിച്ച് സ്വന്തം നിലയിൽ അന്വേഷണം നടത്താൻ സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് യോഗം ചേരും . ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിദഗ്ദ്ധ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് 22 ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.