ആ​റ്റിങ്ങൽ: നഗരൂരിൽ ബേക്കറിത്തൊഴിലാളി മരിച്ച സംഭവത്തിൽ രണ്ടുപേരെ ആ​റ്റിങ്ങൽ സി.ഐ വി.വി. ദിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റുചെയ്‌തു. നഗരൂർ സ്വദേശി ഷിഫാൻ (26),​ വാമനപുരം പൂവത്തൂർ സ്വദേശി ശിവപ്രസാദ് (തമ്പു 28) എന്നിവരാണ് അറസ്​റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് കായരളം വേളം ഗണപതിക്ഷേത്രത്തിനുസമീപം കുട്ടൻചേരിവീട്ടിൽ കെ. അരവിന്ദനാണ് (54) മരിച്ചത്. ബുധനാഴ്ച നഗരൂരിലുള്ള താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബേക്കറിയിലെ ബോർമ തൊഴിലാളിയായ അരവിന്ദൻ ദിവസങ്ങൾക്കുമുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. ചൊവ്വാഴ്ച രാത്രിയിൽ താമസസ്ഥലത്ത് അരവിന്ദൻ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഷിഫാനും ശിവപ്രസാദും ചേർന്ന് ഇയാളെ മർദ്ദിച്ചു. ഇതിനിടെ അരവിന്ദൻ പടിയിൽ തലയിടിച്ച് വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഷിഫാനും ശിവപ്രസാദും പോയി. രാവിലെ മ​റ്റ് തൊഴിലാളികളെത്തിയാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്.