power-highway
photo

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം പകരുന്ന ഇടമൺ കൊച്ചി പവർ ഹൈവെ ഇന്ന് വൈകിട്ട് 5ന് അടൂർ ഗ്രീൻവാലി ആ‌ഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഇതോടെ ,400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്ത് നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും.ഉദുമൽപെട്ട്-പാലക്കാട് ലൈൻ തകരാറിലായാൽ കേരളം മുഴുവൻ ഇരുട്ടിലാവുന്ന അവസ്ഥയ്ക്കും ഇതോടെ പരിഹാരമാവും.. വേനൽ വരൾച്ചയിൽ വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോൾ പുറമെ നിന്ന് വൈദ്യുതി വാങ്ങിയാൽ പ്രസരണ നഷ്ടം കൂടാതെ എത്തിക്കാനും കഴിയും.

കൂടംകുളത്തു നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തിൽ വൈദ്യുതി എത്തിക്കുന്നതിനായാണ് ഇടമൺ കൊച്ചി 400 കെ.വി.ലൈൻ (148.3 കി.മീ) പൂർത്തിയാക്കിയത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈൻ ചാർജ് ചെയ്തപ്പോൾ തന്നെ കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടു കിലോ വോൾട്ട് വർദ്ധന സാധ്യമായിരുന്നു. പരമാവധി ശേഷിയിൽ വൈദ്യുതി എത്തിച്ചിരുന്ന ഉദുമൽപെട്ട് പാലക്കാട്, മൈസൂർ അരീക്കോട് അന്തർസംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തതാണ് പവർ ഹൈവെ.
കേരളത്തിന്റെ സ്ഥാപിത വൈദ്യതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ടൈയിരുന്നു. തിരുനെൽവേലി കൊച്ചി ലൈൻ പൂർത്തിയായതോടെ ലൈനുകളുടെ ശേഷി വർദ്ധിച്ചു. ഈ ലൈൻ പൂർത്തിയാകുന്നതിന് മുമ്പ് കൂടംകുളത്ത് നിന്നും ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമൽപെട്ട് വഴി കേരളത്തിലേക്ക് എത്തുമ്പോൾ ഏകദേശം 20 മെഗാവാട്ട് (വർഷം 102 ദശലക്ഷം യൂണിറ്റ്) പ്രസരണ നഷ്ടം സംഭവിച്ചിരുന്നു.

 കടന്നു പോകുന്ന ജില്ലകൾ

തിരുനെൽവേലി, കൊല്ലം, പത്തനംതിട്ട, കോട്ടയം എറണാകുളം

നീളം 148 കി.മീ

 ടവറുകൾ 447