solace

തിരുവനന്തപുരം: തെറ്റായ വഴിക്കാണ് സമൂഹം വളരെ വേഗത്തിൽ സഞ്ചരിക്കുന്നതെന്നും അലിവും അനുകമ്പയും നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രവർത്തിക്കുന്ന സൊലസ് സംഘടനയുടെ തിരുവനന്തപുരം കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് സിരിജഗൻ, കവി ശ്രീകുമാർ മുഖത്തല, സൊലസ് സെക്രട്ടറി ഷീബ അമീർ, സൊലസ് തിരുവനന്തപുരം കൺവീനർ ഷീല രാഹുലൻ എന്നിവർ സംസാരിച്ചു. തുടർന്ന് കാരവാൻ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ സംഗീതസന്ധ്യയും അരങ്ങേറി. കുട്ടികളുടെ ചികിത്സയും സംരക്ഷണവും ലക്ഷ്യമിട്ട് ഷീബ അമീറിന്റെ നേതൃത്വത്തിൽ തൃശൂർ ആസ്ഥാനമായി തുടങ്ങിയ സൊലസ് പിന്നീട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസ് കേന്ദ്രമാക്കി പ്രവർത്തിച്ചു. തെക്കൻ കേരളത്തിൽ കൂടി ജീവകാരുണ്യ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം തുറുവിക്കൽ കുഞ്ചുവീട് നഗർ ആസ്ഥാനമാക്കി സൊലസ് പ്രവർത്തനം ആരംഭിച്ചത്.