kmps
photo

തിരുവനന്തപുരം: ദളിതരടക്കമുള്ള പട്ടികജാതി,​ പട്ടികവർഗ വിഭാഗങ്ങൾക്ക് എയ്ഡഡ് മേഖലയിലും സ്വകാര്യ സംരംഭക മേഖലയിലും പ്രാതിനിധ്യം നൽകണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. കെ.പി.എം.എസ് 48ാം സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉറപ്പ് നൽകുന്ന സാമൂഹ്യനീതി നൽകാൻ രാജ്യം ഭരിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല. ആ സ്ഥിതി ഇനി തുടരരുത്. സാമൂഹ്യനീതിക്ക് വേണ്ടി കെ.പി.എം.എസ് നടത്തുന്ന പോരാട്ടങ്ങൾ ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.എം.എസ് പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഒ.രാജഗോപാൽ എം.എൽ.എ, കെ.പി.എം.എസ് ഖജാൻജി ടി.കെ.പുരുഷൻ,​ വർക്കിംഗ് പ്രസിഡന്റ് കെ.കെ.പുരുഷോത്തമൻ,​ കെ.പി.എം.എഫ് ജനറൽ സെക്രട്ടറി പി.സിന്ധു,​ കെ.പി.വൈ.എം ജനറൽ സെക്രട്ടറി കെ.ആർ.രാജേഷ്,​ ജില്ലാപ്രസിഡന്റ് അമ്പലത്തറ ശ്രീരംഗനാഥ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.എം.വിനോദ് സ്വാഗതവും സി.ഒ.രാജൻ നന്ദിയും പറഞ്ഞു. വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു.