sreeraj

കിളിമാനൂർ: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ കല്ലുകൊണ്ട് തലയ്‌ക്ക് ഇടിയേറ്റ യുവാവ് മരിച്ചു. കരവാരം നെടുമ്പറമ്പ് ഒറ്റക്കരവീട്ടിൽ പ്രഭാകരൻ - വിമല ദമ്പതികളുടെ മകൻ ശ്രീരാജാണ് (32, കിങ്ങിണി ) മരിച്ചത്. ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. ഇയാൾ നെടുമ്പറമ്പിൽ ആട്ടോഡ്രൈവറാണ്. സംഭവവുമായി ബന്ധപ്പെട്ട് നന്ദായിവനം കുറവൻവിളാകം വീട്ടിൽ ദീപുവിനെ (30) നാട്ടുകാർ പിടികൂടി നഗരൂർ പൊലീസിന് കൈമാറി. രക്ഷപ്പെട്ട നന്ദായിവനം താന്നിയിൽ ബിജുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശ്രീരാജും സുഹൃത്തുക്കളായ ദീപുവും ബിജുവും ശ്രീരാജിന്റെ വീടിനു സമീപത്തെ ഒഴിഞ്ഞപ്രദേശത്തിരുന്ന് മദ്യപിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ ഇരുവരും ചേർന്ന് കല്ലുകൊണ്ട് ശ്രീരാജിന്റെ തലയ്‌ക്കിടിക്കുകയായിരുന്നു. മർദ്ദനമേറ്റശേഷം അവശനിലയിൽ വീട്ടിലെത്തിയ ശ്രീരാജ് ആശുപത്രിയിൽ പോകാൻ വാഹനം വിളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് പ്രതികളിലൊരാളായ ദീപുവിനെ പിടികൂടി പൊലീസിന് കൈമാറിയത്. രക്ഷപ്പെട്ട ബിജു കൊലപാതകക്കേസിലെ പ്രതിയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വലിയകുന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.