തിരുവനന്തപുരം: ഇന്നലെ വൈകിട്ട് പെയ്‌ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ പെൺകുട്ടിക്ക് പൊള്ളലേറ്റു. കരുമം അന്തിവിളക്ക് കിഴക്കതിൽ വീട്ടിൽ ഹരികുമാറിന്റെ മകൾ ഹരിതയാണ് (18) ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കാലിലും കഴുത്തിലുമാണ് ഹരിതയ്ക്ക് പൊള്ളലേറ്റത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മിന്നലുണ്ടായപ്പോൾ ഹരിത മുറിയിൽ ഇരിക്കുകയായിരുന്നു. മുറിയുടെ ജനൽകമ്പിയിൽ വലിയ ശബ്ദത്തോടെ മിന്നലേൽക്കുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. അപകടസമയത്ത് ഹരിതയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മിന്നലിന്റെ ആഘാതത്തിൽ വൈദ്യുത മീറ്റർ പൊട്ടിത്തെറിച്ചു. വയറിംഗും കത്തിപ്പോയി. വീടിന്റെ ചുവരിൽ വലിയ വിള്ളലും രൂപപ്പെട്ടു. സമീപത്തെ വീടുകളിലെ ഫ്രിഡ്‌ജ്,​ ടെലിവിഷൻ തുടങ്ങിയവയും കത്തിനശിച്ചതായി വീട്ടുകാർ പറഞ്ഞു.