കണ്ണൂർ : കാണികളെ ആവേശത്തിലാഴ്ത്തിയ 400മീറ്റർ ഹർഡിൽസ് മത്സരത്തിനാണ് ഇന്നലെ സർവകലാശാല സ്റ്റേഡിയം സാക്ഷിയായത്. സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ മൂന്നാം നമ്പർ ട്രാക്കിലിറങ്ങിയ എ. രോഹിത് റെക്കാഡ‌് നേട്ടത്തോടെ സ്വർണം സ്വന്തമാക്കി (52.7സെക്കൻഡ്). ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ 400മീറ്റർ ഹർഡിൽസ് ചാമ്പ്യനും കൂടിയാണ് ഈ കണ്ണൂർക്കാരൻ. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായ രോഹിത് കണ്ണൂർ അഴിക്കോട് സ്വദേശിയായ ധനേഷന്റെയും സപ്നയുടെയും മകനാണ്. ആദ്യമായി മത്സരിച്ച 400മീറ്ററിൽ ഇന്നലെ രോഹിതിന് തന്നെയായിരുന്നു സ്വർണം. സി. ഹരിദാസ്, അർജുൻ എന്നവരാണ് പരിശീലകർ.
ജി. വി രാജ സ്പോർട്സ് സ്കൂളിലെ കെ അർജുൻ വെള്ളിയും നേടി. അർജുനും റെക്കാഡ് മെച്ചപ്പെടുത്തി.
പനിക്കിടക്കയിൽ നിന്ന് സ്വർണ നേട്ടവുമായി ആരതി
പനിയെ വകവെക്കാതെ മുന്നിലെ തടസങ്ങളെ നിഷ്പ്രയാസം ഓടിക്കടന്നാണ് സീനിയർ പെൺകുട്ടികളുടെ 400മീറ്റർ ഹർഡിൽസിൽ ആർ. ആരതി സ്വർണമണിഞ്ഞത് (1.03 മിനിട്ട്). ഗുണ്ടൂരിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിൽ സ്വർണം നേടിയാണ് താരം സംസ്ഥാന കായികമേളയ്ക്കെത്തിയത്. ദേശീയ മത്സരത്തിന് ശേഷം പനിപിടിച്ച ആരതി പനിയോടെ തന്നെയാണ് ജില്ലാ മത്സരങ്ങളും പൂർത്തിയാക്കിയത്. കളമശേരി തിരുവാതിരയിൽ രഘുനാഥന്റെയും അജിതയുടെ മകളായ ആരതി കണ്ണൂർ വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വർഷമാണ് കോതമംഗലം മാർബേസിലിൽ നിന്നാണ് ആരതി വെളിമാനം സ്കൂളിലെത്തുന്നത്. പേരാവൂർ അത്ലറ്റിക് അക്കാദമിയിൽ അനന്തുവിന്റെ കീഴിലാണ് പരിശീലനം. പനിയുണ്ടായിരുന്നതിനാൽ സ്വർണം നേടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് താരം പറയുന്നു. ജി.എച്ച്.എസ്.എസ് പുല്ലൂരാംപാറയിലെ കെ..ടി ആദിത്യയ്ക്കാണ് വെള്ളി (1.05 മിനിട്ട്).
അക്ഷയ്ക്ക് രണ്ടാം സ്വർണം
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 400മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥി എസ്. അക്ഷയ് ജേതാവായി (55.60 സെക്കന്റ്). കോഴിക്കോട് ബാലുശേരി സ്വദേശിയായ അക്ഷയ് ഇന്നലെ നടന്ന 400മീറ്ററിലും സ്വർണം നേടിയിരുന്നു. കഴിഞ്ഞ സംസ്ഥാന കായികമേളയിലും സ്കൂൾ നാഷണൽസിലും പങ്കെടുത്തിട്ടുണ്ട്. ശൈലേഷിന്റെയും സിന്ധുവിന്റെയും മകനാണ്. പാലക്കാട് കെ എച്ച് എസ് കുമരംപുത്തൂറിലെ അരുൺജിത്തിനാണ് രണ്ടാം സ്ഥാനം (56.24സെക്കന്റ്).