ayira-ghss

പാറശാല: അയിര ഗവ. കെ.വി എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥിനിയും ഓട്ടൻതുള്ളൽ കലാകാരിയുമായ കലാതിലകം അഡ്വ. അഞ്ജന ശ്രീകുമാറിനെ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. ശിശുദിനത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാരോട് ഗ്രാമ പഞ്ചായത്ത് അംഗം ടി. തങ്കരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി രാധാകൃഷ്ണൻ, സുജ ടീച്ചർ, എസ്.എം.സി ചെയർമാൻ സുനിൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ അനിൽകുമാർ സ്വാഗതവും, ഹെഡ്മിസ്ട്രസ് ക്രിസ്റ്റൽ ജോൺ നന്ദിയും പറഞ്ഞു. പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരിയായ അഞ്ജന ശ്രീകുമാർ 1994 മുതൽ 97 വരെ നടന്ന പാറശാല സബ് ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി നാലു വർഷം കലാതിലക പ്രതിഭയായിരുന്നു. പരിപാടിയുടെ ഭാഗമായി അഞ്ജന ശ്രീകുമാറും വിദ്യാർത്ഥികളും തമ്മിലുള്ള അഭിമുഖവും നടന്നു. "പ്രതിഭകൾക്കൊപ്പം വിദ്യാലയം" എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ചടങ്ങ് നടന്നത്. കലാപ്രതിഭയായ അഞ്ജന ശ്രീകുമാർ നെയ്യാറ്റിൻകര ബാറിലെ അഭിഭാഷകയുമാണ്. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ കൂടിയായ അഞ്ജന ശ്രീകുമാറിന്റെ അച്ഛൻ എൻ.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.