കിളിമാനൂർ: ആറിന്റെ തീരത്തെ പുറമ്പോക്ക് ഭൂമിയിൽ നിന്ന കൂറ്റൻ മരം മുറിച്ചു കടത്തിയതായി പരാതി. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ മഹാദേവേശ്വരം വാർഡിൽ ഇരപ്പിൽ പാലത്തിനോട് ചേർന്ന് ചിറ്റാറിന്റെ തീരത്ത് നിന്ന മരമാണ് ശനിയാഴ്ച മുറിച്ചു കടത്തിയത്. സമീത്തെ പുരയിടത്തിന്റെ ഉടമയുടെ ഒത്താശയോടെയാണ് മരം മുറിച്ചു കടത്തിയതെന്നാണ് സൂചന. ഇക്കാര്യം ഇന്നലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലം പരിശോധിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലും പരാതി നൽകുമെന്ന് വാർഡ് മെമ്പർ ഗോവിന്ദൻ പോറ്റി പറഞ്ഞു.