കോവളം: പാച്ചല്ലൂരിന് സമീപം യുവാക്കൾ സഞ്ചരിച്ച ബൈക്ക് കത്തി നശിച്ചു. പാച്ചല്ലൂർ സ്വദേശികളായ സുജിത്ത്, അനീഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് 7 ഓടെയായിരുന്നു സംഭവം. പാച്ചല്ലൂരിന് സമീപം വണ്ടിത്തടത്തുള്ള പമ്പിൽ നിന്ന് പെട്രോളടിച്ച ശേഷം വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടെ ആദ്യം തീ പടരുകയും പമ്പിലെ ഫയർ എക്സ്‌റ്റിംഗ്യുഷർ ഉപയോഗിച്ച് തീ അണയ്ക്കുകയുമായിരുന്നു. തുടർന്ന് പമ്പിൽ നിന്ന് പാച്ചല്ലൂർ ജംഗ്ഷൻ വരെ എത്തി. ഈ ഭാഗം ഇറക്കമായതിനാൽ ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ ന്യൂട്രലിലാണ് പോയത്. ഇവിടെ വച്ച് വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്‌തോടെ തീ ആളിപ്പടർന്ന് ബൈക്ക് കത്തി നശിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തു നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബൈക്കിന്റെ ടാങ്കിലുള്ള ചോർച്ചയോ പെട്രോൾ അടിച്ചപ്പോൾ വാഹനത്തിൽ പെട്രോൾ വീണതോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ലീഡിംഗ് ഫയർമാൻമാരായ രാജശേഖരൻ, ഹരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.