തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്ന 63-ാം സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആദിവാസ ബാലൻ എം.കെ വിഷ്ണുവിന് മികച്ച പരിശീലനവും സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ ബാലൻ. തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് സഹായിക്കുമെന്നറിയിച്ച് മന്ത്രി രംഗത്തെത്തിയത്.പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന് കീഴിലെ വെള്ളായണി അയ്യങ്കാളി സ്മാരക മോഡൽ സ്പോർട്സ് റസിഡൻഷ്യൽ സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് വിഷ്ണു.
ഫേസ്ബുക് പോസ്റ്റിൽ നിന്ന് : സംസ്ഥാന സ്കൂൾ കായികമേളയിലെ സബ് ജൂനിയർ വിഭാഗം 400 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയ എം.കെ വിഷ്ണു കേരളത്തിന്റെ അഭിമാനമാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കായിക രംഗത്ത് വിഷ്ണു മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും ലഭിച്ചാൽ തിളക്കമാർന്ന വിജയങ്ങൾ നേടാൻ വിഷ്ണുവിന് കഴിയുമെന്നാണ് പ്രതീക്ഷ. വിഷ്ണുവിന് മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും സർക്കാർ നൽകും. വയനാട് മുണ്ടക്കൊല്ലി സ്വദേശിയായ വിഷ്ണുവിന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും.