തിരുവനന്തപുരം : പേട്ട സ്‌കൂളിൽ നിന്ന് കമ്പ്യൂട്ടറും പണവും കവർന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ കിളിക്കുന്നം ലെയിനിൽ ടി.സി 92 / 518 ൽ വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശി അനന്ദു (20 ), സഹോദരൻ വിഷ്ണു (18), ആനയറ ആറ്റുവരമ്പത്ത് വിലാസിനി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന വെള്ളായണി സ്വദേശി ഷാൻ (18) എന്നിവരെയാണ് പേട്ട പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി അനന്ദുവിനെ മയക്കുമരുന്ന് കേസിൽ പിടികൂടി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണകേസിൽ ഇവരുടെ പങ്കിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്. സ്‌കൂളിൽ നിന്നും നഷ്ടപ്പെട്ട ഏഴു കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. ശംഖുംമുഖം എ.സി.പി ഐശ്വര്യ ഡോംഗ്രെ, പേട്ട എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ പി. രതീഷ്, സി.പി.ഒമാരായ ജയദേവ്, ബിജു, രഞ്ജിത്, ഉദയൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.