തിരുവനന്തപുരം: ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം ഉയർന്നത് വാഹനയാത്രക്കാരെയും വഴിയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.
കുന്നുകുഴി തമ്പുരാൻ മുക്കിൽ റോഡിൽ നിറഞ്ഞ വെള്ളത്തിന് നടുവിൽ യാത്രക്കാരുമായി വന്ന ആട്ടോറിക്ഷ കുടുങ്ങിപ്പോയി. വിജി പ്രശാന്ത് (33), മക്കളായ നിവേദ് ( 10), നീരജ് ( 6 ) എന്നിവരാണ് ആട്ടോയിലുണ്ടായിരുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി ആട്ടോ തള്ളിനീക്കിയാണ് ഇവരെ പുറത്തിറക്കിയത്. പ്രസ് ക്ളബിന് തൊട്ടടുത്തുള്ള മുസ്ലീം ജുമാമസ്‌ജിദിന്റെ മിനാരം ഇടിമിന്നലിൽ തകർന്ന് തൊട്ടടുത്തുള്ള പുരുഷോത്തമൻ തമ്പിയുടെ വീടിന് മുകളിൽ വീണു. ഷീറ്റ് മേഞ്ഞ മേൽക്കൂരയിലേക്കാണ് മിനാരം പതിച്ചത്. മേൽക്കൂര ഭാഗികമായി തകർന്നു. പാറ്റൂർ, ബേക്കറി ജംഗ്‌ഷൻ, പൊട്ടക്കുഴി, പേട്ട, പി.എം.ജി, നന്തൻകോട് തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ വെള്ളം നിറഞ്ഞത് യാത്രക്കാരെ വലച്ചു.