തിരുവനന്തപുരം : സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ആൾ മദ്ധ്യവയസ്‌കയുടെ കഴുത്തു ഞെരിച്ച ശേഷം അഞ്ചുപവന്റെ മാല കവർന്നു. കുമാരപുരം പൂന്തിറോഡിൽ കസ്തൂർബാ ബുക്ക് സ്റ്റാൾ ഉടമ ശ്യാമള വിജയന്റെ മാലയാണ് കവർന്നത്. ഇന്നലെ രാത്രി ഏഴരയ്ക്കാണ് സംഭവം. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ കടയിലെത്തി സോഡയും ചിപ്‌സും വേണമെന്ന് ആവശ്യപ്പെട്ടു. സാധനം എടുക്കാനായി ശ്യാമള തിരിയുന്നതിനിടെ ഇയാൾ മാലകവർന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് ഭർത്താവ് എത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. സമീപത്തെ കടകളിലെ സി.സി.ടിവി കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. രണ്ടാഴ്ചക്കിടെ ഈ മേഖലയിൽ മൂന്നു പേരുടെ മാലയാണ് കവർന്നത്. മെഡിക്കൽ കോളേജ് കുഞ്ചുവീട് ക്ഷേത്രത്തിന് സമീപം മദ്ധ്യവയസ്കയുടെ രണ്ടുപവൻ മാലയും ആനയറ ഗ്രീൻപാർക്ക് റോഡിൽ ബീനയുടെ മൂന്നുപവൻ മാലയും കവർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടുകേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല. അമ്പലമുക്ക് എൻ.സി.സി റോഡിൽ മണമ്പൂർ ഗണപതി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയും തകർത്ത് പണം മോഷണം പോയിരുന്നു.