തിരുവനന്തപുരം: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കാറിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കുപിന്നാലെ മകളും മരിച്ചു. ആനയറ കുടവൂർ മണ്ണാംവിള ലെയ്നിൽ ശ്രീനിലയത്തിൽ ആർ. അശോക്‌കുമാറിന്റെ മകൾ ശ്രീജാ അശോകാണ് ( 22 ) ഇന്നലെ മരിച്ചത്. തിരുനെൽവേലി രാജ കോളേജിലെ ബിടെക്ക് വിദ്യാർത്ഥിയായിരുന്നു. സംഭവത്തിൽ അമ്മ തങ്കമണി സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 4ന് രാത്രി 7.30ഓടെയായിരുന്നു സംഭവം. വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിലെ റിട്ട. അദ്ധ്യാപിക തങ്കമണിയും മകൾ ശ്രീജയും കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ ആനയറ സ്വകാര്യ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ സ്വിഫ്ട് കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയിരുന്നു. ഡ്രൈവർ ഉൾപ്പടെയുള്ള മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നതെന്നും അപകടത്തിന് കാരണമായ കാർ മാറ്റി പകരം മറ്റൊരു കാർ ഹാജരാക്കി പ്രതികളെ രക്ഷിക്കാൻ നീക്കമുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. നിരീക്ഷണകാമറ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജയുടെ പിതാവ് അശോക് കുമാർ കമ്മീഷണർക്ക് പരാതി നൽകി.