തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ബൈക്ക് പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപിനെയാണ് പാളയം പഞ്ചാപുര ഭാഗത്തുവച്ച് ബൈക്ക് ഇടിച്ചിട്ടത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. വീഴ്ചയിൽ തലയ്‌ക്ക് പരിക്കേറ്റ പ്രദീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബൈക്ക് യാത്രക്കാരനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം.ജി റോഡിൽ ബൈക്കുകളുടെ മത്സരയോട്ടം നടക്കുന്നുണ്ടെന്നറിഞ്ഞാണ് പൊലീസുകാരൻ എത്തിയത്. ഇയാൾ കൈകാണിച്ചെങ്കിലും വാഹനം ഇരപ്പിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കന്റോൺമെന്റ് പൊലീസ് കേസെടുത്തു.