പൂവാർ: ചോർന്നൊലിക്കുന്ന മേൽക്കൂര, വിണ്ടുകീറിയ ചുവരുകൾ, ജീർണിച്ച് തുടങ്ങിയ ജനാലകളും വാതിലും ദ്രവിച്ച സ്റ്റെയർകെയ്സ്. ഇത് തീരദേശ മേഖലയായ പൂവാറിൽ പ്രവർത്തിക്കുന്ന മത്സ്യഭവന്റെ നിലവിലെ അവസ്ഥയാണ്. തീരദേശത്തെ ശക്തമായ കാറ്റിനെ അതിജീവിക്കാൻ ഇങ്ങനെയൊരു കെട്ടിടത്തിനാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പ്രദേശവാസികളും. വെള്ളമില്ലാത്തതിനാലും പൊട്ടിപ്പൊളിഞ്ഞതിനാലും ടോയ്ലെറ്റ് പ്രവർത്തനമില്ലാതായിട്ട് വർഷങ്ങളായി. ഉപയോഗശൂന്യമായ ഫർണിച്ചറുകളും പഴക്കം ചെന്ന ഫയലുകളും ടോയ്ലെറ്റിനുള്ളിൽ വാരിയിട്ട് പൂട്ടിയിരിക്കുകയാണ്. മത്സ്യഭവനിലെ ജീവനക്കാരിൽ കൂടുതലും വനിതകളാണ്. പല ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവരിൽ കൂടുതലും വനിതകൾ തന്നെ. എന്നിട്ടും ടോയ്‌ലെറ്റ് നവീകരിച്ച് പ്രവർത്തിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ തയാറായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. 1986ൽ വാടക കെട്ടിടത്തിലാണ് പൂവാർ മത്സ്യഭവൻ പ്രവർത്തനമാരംഭിച്ചത്. 2005 ൽ പൂവാർ പള്ളി ഇടവക ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ ഭൂമിയിലാണ് ഇന്ന് കാണുന്ന മത്സ്യഭവൻ നിർമ്മിച്ചത്. ഇതിൽ ക്ഷേമനിധി ഓഫീസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഏറെയും ആൾക്കാർ ഇവിടേക്ക് എത്തുന്നത്. മത്സ്യഫെഡിൽ മണ്ണെണ്ണ പെർമിറ്റ്, വ്യാപാര ലോണുകൾ, മത്സ്യ തൊഴിലാളി ഇൻഷ്വറൻസ് തുടങ്ങിയവയ്ക്കും ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ സർക്കാർ പ്രഖ്യാപിക്കുന്ന സാമ്പത്തിക സഹായങ്ങൾ ലഭിക്കാനും ആൾക്കാർ ഒന്നിച്ചെത്താറുണ്ട്. ഇങ്ങനെ മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും ഒന്നിച്ചെത്തുന്നതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ഓഫീസ് മന്ദിരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
മത്സ്യഭവൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ഥലപരിമിതിയാണ്. മൂന്ന് റൂമുകളും ചെറിയൊരു ഹാളും മാത്രമുള്ള ഇവിടെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ഓഫീസ് കൂടാതെ ക്ഷേമനിധി, മത്സ്യഫെഡ് തുടങ്ങിയ രണ്ട് ഓഫീസുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ ജനകീയ മത്സ്യകൃഷി (ഉൾനാടൻ മത്സ്യകൃഷി) രണ്ടാം ഘട്ടത്തിന്റെ നെയ്യാറ്റിൻകര താലൂക്ക്തല കോ.ഓർഡിനേഷൻ കേന്ദ്രവും ഇവിടെയാണ്. കൊല്ലങ്കോട്, പൊഴിയൂർ, പൂവാർ, കൊച്ചുതുറ മേഖലയിലെ നൂറുകണക്കിന് ആൾക്കാർ ദിവസവും ഇവിടെ വന്നു പോകുന്നുണ്ട്.