fly

കിളിമാനൂർ: മഞ്ഞപ്പാറ ഗവ. യു.പി.എസിൽ വിസ്മയം തീർത്ത് ''നീലക്കടുവ " ശലഭങ്ങൾ. ദേശാടനത്തിന്റെ ഭാഗമായി സഹ്യപർവത നിരകളിൽ നിന്നും വിരുന്നു വന്ന ശലഭങ്ങളോടു കൂട്ടു കൂടി മഞ്ഞപ്പാറ ഗവ. യു.പി.എസിലെ കുരുന്നുകൾ. സ്കൂളിലെ ശലഭോദ്യാനത്തിലാണ് നവംബർ ആദ്യവാരത്തോടെ നൂറിലേറെ നീലക്കടുവ ശലഭങ്ങൾ വിരുന്നെത്തിയത്. ഇവിടുത്തെ കിലുക്കി (ക്രോട്ട ലേറിയ റെറ്റ്യൂസ) എന്നയിനം ചെടികളാണ് ശലഭങ്ങളെ ആകർഷിച്ചത്. പ്രത്യുല്പാദന പ്രക്രിയയുടെ ഭാഗമായി ആൺ ശലഭങ്ങളാണ് ഇങ്ങനെ കൂട്ടമായെത്തുന്നത്. അപൂർവമായി കിട്ടിയ ഈ അവസരം മുതലാക്കി കുട്ടികൾ നിരീക്ഷിച്ചും കൈവെള്ളയിലേക്ക് ആകർഷിച്ചും ശലഭങ്ങളോട് കൂട്ടുകൂടി. ഇന്ത്യയിലെ ഏറ്റവും വലിയ ശലഭങ്ങളിലൊന്നായ ഗരുഢ ശലഭം മുതൽ ഏറ്റവും ചെറിയ പുൽനീലി ശലഭങ്ങൾ വരെ ഇവിടുത്തെ ശലഭോദ്യാനത്തിലെ സ്ഥിരം വിരുന്നുകാണ്. പരിസ്ഥിതി പ്രവർത്തകനും ശലഭ നിരീക്ഷകനുമായ കിരൺ പാങ്ങോടിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശലഭോദ്യാനം സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാലിച്ചു പോരുന്നത്. നീലക്കടുവകളെ കൂടാതെ വഴന ശലഭം, അരളി ശലഭം, നാട്ടു റോസ്, വിറവാലൻ, വിലാസിനി, ചക്കര ശലഭം ചെങ്കണ്ണി, ചൊട്ടശലഭങ്ങൾ, പുലിത്തെയ്യൻ, തീച്ചിറകൻ, തവിടൻ, തകരമുത്തി. നാരകശലഭം, നീലക്കുടുക്ക, വയങ്കതൻ, എരിക്കു തപ്പി, മഞ്ഞപാപ്പാത്തി തുടങ്ങി അമ്പതോളം വർഗ്ഗത്തിൽ പെട്ട ശലഭങ്ങളും ഇവിടെ വിരുന്നെത്തിയിട്ടുണ്ട്.