തിരുവനന്തപുരം: കേരള സർവകലാശാലാ പരീക്ഷാ കലണ്ടറിൽ മാറ്റം വരുത്താൻ താനോ ഓഫീസോ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ പറഞ്ഞു. എല്ലാ സർവകലാശാലകളും പരീക്ഷാ തീയതികൾ അറിയിക്കാൻ മാത്രമാണ് നിർദ്ദേശിച്ചിരുന്നത്. കേരളയുടെ ദ്വിവത്സര പി.ജി കോഴ്സുകൾ മൂന്നുവർഷം നീളുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പിഎച്ച്.ഡി, എം.ഫിൽ കോഴ്സുകളിൽ പ്രവേശനം നഷ്ടമാവാതിരിക്കാനാണ് മൂന്ന്, നാല് സെമസ്റ്ററുടെ പരീക്ഷകൾ പുനഃക്രമീകരിച്ചത്.
സെമസ്റ്ററിൽ 90പ്രവൃത്തിദിനങ്ങൾ വേണ്ടിടത്ത് ഏതാനും ദിവസങ്ങൾ കുറവായിരുന്നു. മറ്റൊരു കേസിലെ ഹൈക്കോടതി ഉത്തരവു പ്രകാരം അവധിദിവസങ്ങളിൽ ക്ലാസെടുത്ത് സർവകലാശാല നിശ്ചിത പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കി. യു.ജി.സി നിർദ്ദേശത്തിന് വിരുദ്ധമായതൊന്നും നിർദ്ദേശിച്ചിട്ടില്ല. പരീക്ഷയും ഫലപ്രഖ്യാപനവും സമയത്ത് നടക്കാനാണ് എല്ലാ സർവകലാശാലകളുടെയും പരീക്ഷാകലണ്ടർ ഏകീകരിച്ചത്.
എന്നാൽ മന്ത്രി ജലീൽ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്സിൽ മന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം പരീക്ഷാതീയതി മാറ്റിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സബ്മിഷൻ ഉന്നയിച്ച വി.ഡി.സതീശൻ പറഞ്ഞു. അവധിദിനത്തിൽ ക്ലാസ് പാടില്ലെന്നാണ് യു.ജി.സി നിബന്ധന. സെമസ്റ്ററിൽ 90പ്രവൃത്തിദിനം വേണ്ടത് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് 70ദിവസമാക്കി കുറച്ചു. 90ദിവസം ക്ലാസില്ലെങ്കിൽ കോഴ്സിന്റെ അംഗീകാരം യു.ജി.സി റദ്ദാക്കാനിടയുണ്ടെന്നും സതീശൻ പറഞ്ഞു. സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് യാതൊരു അധികാരവുമില്ലെന്നും അതിന് സെനറ്റും സിൻഡിക്കേറ്റുമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താൻ സർവകലാശാകളിൽ ഒരു ഇടപെടലും നടത്തുന്നില്ലെന്നും എന്നിട്ടും എല്ലാറ്റിനും മന്ത്രിക്കാണ് ഉത്തരവാദിത്വമെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും മന്ത്രി ജലീൽ വിശദീകരിച്ചു.