general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ചാനൽപ്പാലം - റസൽപുരം റോഡിൽ മരണക്കുഴികൾ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിക്കാത്തതിനതിരെ നാട്ടുകാരുടെ പ്രതിഷേധമുയരുന്നു. റസൽപ്പുരം റോഡിൽ ട്രാൻസ്പോമറിന് സമീപം റോഡ് പൂർണമായും തകർന്നനിലയിലാണ്. വാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാൻ കഴിയാത്ത വിധം മെറ്റൽ ഇളകി ടാർ മുഴുവനും ഒലിച്ചുപോയി. റോഡിൽ രൂപപ്പെട്ട വൻ കുഴികൾ വാഹനയാത്രികർക്ക് മരണക്കെണിയായിമാറി.ഈ ഭാഗത്ത് തെരുവ് വിളക്കുകൾ കത്താത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്.ബൈക്ക് പോലും കടന്നുപോകാത്ത അവസ്ഥയാണ്. മരാമത്ത് ഉദ്യോഗസ്ഥരുടെ വാഹനവും ഇതുവഴി കടന്നുപോകുന്നുണ്ട്. അധികൃതർ ആരും തന്നെ ഈ ഭാഗത്ത് തിരിഞ്ഞുനോക്കാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. കോവളം നിയോജക മണ്ഡലത്തിൽ ബാലരാമപുരം –വിഴിഞ്ഞം ഭാഗത്ത് മിക്ക ഇടറോഡുകളും ദീ‍ർഘകാലസുരക്ഷിതത്വം ഉറപ്പ് വരുത്തി നവീകരിച്ചപ്പോൾ ബാലരാമപുരം തേമ്പാമുട്ടം –റസൽപ്പുരം റോഡിനെ പാടെ അവഗണിച്ചു. ചീഫ് എൻജിനീയർക്ക് ശുപാർശ ചെയ്ത പ്രോജക്ട് പോലും ഫണ്ട് അനുവദിക്കാതെ ഒഴിവാക്കി. മരാമത്ത് റോഡ് ആയതിനാൽ നവീകരണത്തിന് ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്നാണ് ബാലരാമപുരം പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിലെങ്കിലും അടിയന്തരമായി ടാറിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിലെ മരണക്കുഴികൾ നികത്താൻ മരാമത്ത് നെയ്യാറ്റിൻകര സബ് ഡിവിഷൻ അധികൃതർക്ക് കത്ത് നൽകും. മരാമത്ത് സെക്ഷന്റെ റോഡ് ആണെങ്കിലും നിരവധി പരാതികളാണ് റോഡിനെതിരെ പഞ്ചായത്തിന് ലഭിക്കുന്നത്. ട്രാൻസ്പോമറിന് സമീപത്ത് രൂപപ്പെട്ട അപകടക്കുഴികളാണ് പ്രശ്നം. അടിയന്തരമായി കുഴികൾ നികത്താൻ മരാമത്ത് അധികൃതരോട് ആവശ്യപ്പെടും

---ആർ.എസ്.വസന്തകുമാരി,​ പഞ്ചായത്ത് പ്രസിഡന്റ്.

റോഡിലെ ശോച്യാവസ്ഥ പരിഹരിക്കാൻ 25 ലക്ഷം രൂപയുടെ പ്രോജക്ട് ചീഫ് എൻജിനീയർക്ക് കൈമാറിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ ക്ഷണിച്ച് റോഡിന്റെ നവീകരണജോലികൾ തുടങ്ങും. കുഴികൾ രൂപപ്പെട്ട സ്ഥലത്ത് താത്ക്കാലിക പരിഹാരം കാണുന്നതിലേക്കും ശ്രമം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമാകും

പ്രേംപിള്ള,​ മരാമത്ത് നെയ്യാറ്റിൻകര സബ്ഡിവിഷൻ

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ.

റോഡ് അടിയന്തരമായി മെയിന്റെനൻസ് ചെയ്യുന്നതിന് മരാമത്ത് ഫണ്ട് അനുവദിക്കണം

-- വാർഡ് മെമ്പർ ഐ..കെ സുപ്രിയ

25 ലക്ഷം രൂപ അനുവദിക്കാൻ പ്രോജക്ട് നൽകി

ടാറിംഗ് നടത്തിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ.

പ്രശ്നം

റോഡാകെ തകർന്ന് തരിപ്പണം

മെറ്റലുകൾ ഇളകിത്തെറിച്ചു

കുഴികളിൽ വെള്ളം നിറഞ്ഞു

ബൈക്ക് യാത്ര അപകടകരം

അപകടങ്ങൾ പതിവാകുന്നു

കാൽനടയാത്ര ദുസഹം