കോൺഗ്രസ് പുനഃസംഘടനാ നാടകം കൊഴുക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ നൽകുന്ന സൂചന കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പ്രഹരം വിസ്മരിച്ച് 'കോരനു കഞ്ഞി വീണ്ടും കുമ്പിളിൽ" തന്നെ എന്ന പഴമൊഴിക്ക് തുല്യമായി തിരുവനന്തപുരം ജില്ലയിൽ വർക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, വനിത ഉൾപ്പെടെ എല്ലാം ഒരേ സമുദായക്കാർക്കു പതിച്ചു നൽകുമെന്നാണ്. നിയമസഭയിൽ പോലും പ്രാതിനിദ്ധ്യമില്ലാത്ത ഈഴവ സമുദായമോ നാടാർ സമുദായമോ ഈ താക്കോൽ സ്ഥാനങ്ങളിൽ ദൃശ്യമാകുന്നില്ല. തീരുമാനങ്ങളെടുക്കുമ്പോൾ പഞ്ചപാണ്ഡവസംഘം ജാതി ജാഗ്രതയിൽ ഒറ്റക്കെട്ടാണെന്നത് അങ്ങാടിപ്പാട്ടാണല്ലോ.
പണ്ട് താക്കോൽ സ്ഥാനം തന്റെ സമുദായത്തിന് വേണമെന്ന് ശഠിച്ച് പദവികൾ പിടിച്ചുവാങ്ങിയത് ഒരു സമുദായ നേതാവാണെങ്കിൽ ഇപ്പോൾ ആ സ്ഥാനം ലഭിച്ച നേതാവ് അതേ ശൈലി തുടരുന്നു എന്നതിന്റെ തെളിവാണ് താൻ നോമിനേറ്റ് ചെയ്ത മൂന്നുപേരും തന്റെ സമുദായക്കാർ മാത്രമായി മാറിയത്. എ - ഐ ഗ്രൂപ്പിന് ഇനി തിരുവനന്തപുരത്ത് സ്വസ്ഥജീവിതം. കാരണം സ്വന്തം സമുദായക്കാരുടെ കാര്യത്തിൽ ഈ രണ്ട് തമ്പുരാന്മാരും യോജിച്ചാണ് പഴയതുപോലെ തീരുമാനങ്ങളെടുക്കുക. മറ്റാരും അങ്ങോട്ട് ഇനി നോക്കണ്ട, വേണമെങ്കിൽ അടിമകളായി മാപ്പുസാക്ഷിത്വം വഹിച്ചു നിന്നോണം. ഭാരവാഹികളെ തീരുമാനിക്കുമ്പോൾ ഈ ജില്ലയിൽ ഗ്രൂപ്പുകൾക്ക് താത്കാലിക യോജിപ്പിലെത്താൻ ഒരു മടിയുമില്ലായെന്നത് അംഗീകൃതസത്യം. പത്തനംതിട്ടക്കാരനായ വ്യക്തിയെ തിരുവനന്തപുരം ജില്ലക്കാർ ഇവിടെ നിന്നും ജയിപ്പിച്ചാൽ അദ്ദേഹം ഉടനെ തിരുവനന്തപുരം നിവാസിയാകുമോ? അദ്ദേഹത്തെ ബോധപൂർവം വർക്കിംഗ് പ്രസിഡന്റാക്കുന്നതിനു പിന്നിലുള്ള രഹസ്യം അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തിൽപ്പെട്ട പത്തനംതിട്ടക്കാരെയും, തിരുവനന്തപുരത്തെ അർഹരായവരെയും ഒരു വെടിക്ക് രണ്ട് പക്ഷി എന്ന തട്ടുതട്ടാൻ ചെയ്ത കുശാഗ്രബുദ്ധി മാത്രമാണ്. ബി.ജെ.പിയുടെ വോട്ടിൽ 90 ശതമാനം നൽകുന്ന സമുദായത്തിന് ജില്ലയിൽ കോൺഗ്രസിലെ പ്രമുഖ അഞ്ച് സ്ഥാനങ്ങൾ നൽകിയപ്പോൾ ഏറ്റവും വലിയ സമുദായമായ ഈഴവർക്കും മോശമല്ലാത്ത വോട്ടർമാരുള്ള നാടാർക്കും മൊഴിചൊല്ലൽ എന്ന സമ്പ്രദായം ഈ പാർട്ടിയെ എവിടെ എത്തിക്കുമെന്നതിൽ കടുത്ത ആശങ്കയുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ചിലർ കാട്ടിയ ജാതി കോമാളിത്വം കോൺഗ്രസിന് വൻ നഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞ ഒരു പോളറൈസേഷൻ നിലനില്ക്കെ തന്നെ ഇത്തരം ഒരു സ്ഥിതിയെന്നത് ഇത് തീരുമാനിച്ചവർക്കും സ്ഥാനം ഏറ്റെടുക്കുന്ന അനിഷേധ്യർക്കും ഇപ്പോൾ വേണമെങ്കിൽ പുനഃപരിശോധിക്കാം.
സ്ഥാനങ്ങൾ മാത്രം ജാതിയുടെ പേരിലുണ്ടായാൽ മതിയോ അതോ വരുന്ന തിരഞ്ഞെടുപ്പിൽ ഈ ജില്ലയിൽ എം.എൽ. എമാർ വേണമോ എന്നതാണ് പ്രശ്നം. ഫലം വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായതിന് തുല്യമാവുമെന്നത് അനുഭവിച്ചാലേ മനസിലാകൂ എങ്കിൽ എന്തു പറയാനാണ് ? സ്ഥാനങ്ങളെല്ലാം തങ്ങൾക്കു വേണം വോട്ട് നിങ്ങൾ ചെയ്തു താ എന്ന ഈ നയം ഇനി നടപ്പാവില്ല. വേണ്ടിവന്നാൽ പാർട്ടിക്കകത്ത് ഒരു നിവർത്തന പ്രക്ഷോഭം തന്നെ നയിക്കാനും ചില സംഘടനകൾ സംയുക്തമായി ആലോചിക്കുന്നു. ഇനി സെക്രട്ടറിമാരുടെ പട്ടികയാണ് വരാനിരിക്കുന്നത്.
ബി. കബീർദാസ്
ഫോൺ: 8281208519