മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യം ഇല്ലായിരുന്നുവെങ്കിൽ ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഔപചാരിക ഉദ്ഘാടനം ഇന്നലെ നടക്കുമായിരുന്നില്ല. തമിഴ്നാട്ടിലെ കൂടംകുളം ആണവ വൈദ്യുതി നിലയത്തിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വൈദ്യുതി എത്തിക്കാൻ വേണ്ടി തുടങ്ങിയ പവർ ഹൈവേ വർഷങ്ങളോളം പണിമുടക്കിക്കിടന്നു. ലൈൻ കടന്നുപോകുന്ന ഇടങ്ങളിലുള്ള പ്രദേശവാസികളുടെ എതിർപ്പായിരുന്നു പ്രധാന തടസം.
സന്ധ്യയായാൽ മങ്ങിമാത്രം കത്തുന്ന വൈദ്യുതി വിളക്കിനെക്കുറിച്ച് പരക്കെ ആക്ഷേപം ഉയർന്നപ്പോഴും ഈ പ്രസരണ ശൃംഖലയുടെ നിർമ്മാണം വേഗം പൂർത്തീകരിക്കേണ്ടത് സംസ്ഥാനത്തിന്റെ പൊതു താത്പര്യത്തിന് അനിവാര്യമാണെന്ന ബോധം പലർക്കും ഇല്ലാതെ പോയി. സംസ്ഥാനത്ത് എല്ലാക്കാലത്തും ഇതാണ് സ്ഥിതി. വികസനത്തിനു സഹായകമാകുന്ന ഏതു പദ്ധതിയുടെ നടത്തിപ്പിലും ഇടങ്കോലിടാനും ഏതുവിധേനയും അത് തകർക്കാനും ശ്രമിക്കുന്നവർ എല്ലാ പാർട്ടികളിലുമുണ്ട്. പവർ ഹൈവേ ആയാലും ദേശീയപാത ആയാലും ഗ്യാസ് ഗ്രിഡ് പദ്ധതിയായാലും നടപ്പിലാകരുതെന്ന് ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. വിശാലമായ റോഡുകൾ ഇല്ലാത്തതിന്റെ പേരിൽ സർക്കാരിനെ പഴിക്കുന്നവരേ ഉള്ളൂ. എന്നാൽ റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ട ഘട്ടമെത്തുമ്പോൾ സ്വഭാവം മാറും. ഒരു കാരണവശാലും സ്ഥലം വിട്ടുകൊടുക്കാൻ സ്വമേധയാ ആരും മുന്നോട്ടു വരില്ല. മത - സാമുദായിക - രാഷ്ട്രീയ ശക്തികളെ കൂടെക്കൂട്ടി റോഡ് വികസനം അട്ടിമറിക്കാൻ എത്രയോ വർഷമായി ശ്രമം നടക്കുകയാണ്.
വൈദ്യുതി ഉത്പാദനത്തിൽ ഏറെ പിന്നിൽ നിൽക്കുമ്പോഴും പുറത്തു നിന്നുള്ള വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് ഇവിടെ എത്തിക്കാൻ സഹായിക്കുന്ന പ്രസരണ ലൈൻ നിർമ്മാണത്തിലും എതിർപ്പ് രൂക്ഷമായിരുന്നു. പണ്ടേ പൂർത്തിയാകേണ്ട ലൈൻ നിർമ്മാണം വഴിയിൽ കിടന്നുപോയത് അങ്ങനെയാണ്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് കളമൊരുക്കുന്ന ഇതുപോലുള്ള ഏതാനും വൻ പദ്ധതികളുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സവിശേഷ താത്പര്യം ഒന്നുകൊണ്ടുമാത്രമാണ് 148 കിലോമീറ്റർ ദൈർഘ്യം വരുന്ന ഇടമൺ - കൊച്ചി ലൈൻ ഇപ്പോഴെങ്കിലും പ്രവർത്തനക്ഷമമായത്. ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടും മുടങ്ങിക്കിടന്ന ഗ്യാസ് ലൈൻ പദ്ധതി കരയ്ക്കടുപ്പിക്കുന്ന കാര്യത്തിലും മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യമാണ് സഹായിച്ചത്.
2005ൽ പ്രവർത്തനാനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാണ ജോലികൾ 2008 മാർച്ചിൽ തുടങ്ങിയെങ്കിലും ആദ്യം മുതലേ എതിർപ്പും തടസവാദങ്ങളും ഉയർന്നിരുന്നു. 2010ൽ പൂർത്തിയാക്കണമെന്ന ലക്ഷ്യമിട്ടാണ് പവർഗ്രിഡ് കോർപറേഷൻ നിർമ്മാണം തുടങ്ങിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ കൂടി കടന്നു പോകുന്ന പവർ ഹൈവേക്കെതിരെ വലിയ എതിർപ്പുണ്ടായത് തോട്ടം, കാർഷിക മേഖലകളിൽ നിന്നാണ്. മികച്ച നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടും പദ്ധതിക്ക് വലിയ തോതിൽ എതിർപ്പുയർന്നു. 1020 കോടി രൂപ നിർമ്മാണച്ചെലവ് കണക്കാക്കി തുടങ്ങിയ പദ്ധതി പന്ത്രണ്ടു വർഷത്തോളമെടുത്തു പൂർത്തിയാക്കിയപ്പോൾ നേരത്തെ ഉദ്ദേശിച്ചിരുന്നതിന്റെ പല മടങ്ങായി നിർമ്മാണ ചെലവ് ഉയർന്നിട്ടുണ്ട്.
മറ്റു വികസന പദ്ധതികൾക്ക് ഉതകേണ്ട കോടാനുകോടികളാണ് വഴിമുടക്കികളെല്ലാം ചേർന്ന് ഇല്ലാതാക്കിയതെന്ന് ഓർക്കണം. പവർ ഹൈവേയുടെ കാര്യത്തിൽ മാത്രമല്ല, സ്തംഭിച്ചു കിടക്കുന്ന മറ്റു വൻ പദ്ധതികളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. ജനങ്ങളുടെ വിശ്വാസമാർജിച്ച് പദ്ധതി നടപ്പാക്കാൻ സർക്കാർ മുറകൊണ്ടു മാത്രം സാധിക്കില്ല. അതിന് പ്രത്യേക നയചാതുരിയും പ്രീണനനയവും ആവശ്യവുമാണ്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ ആകർഷകമായ നഷ്ടപരിഹാരം നൽകാൻ തയ്യാറായാൽത്തന്നെ ജനങ്ങളുടെ എതിർപ്പ് വലിയ അളവിൽ ഇല്ലാതാകും. ഇത്തരം കാര്യങ്ങളിലുണ്ടാകുന്ന കാലതാമസവും ഉദ്യോഗസ്ഥന്മാരുടെ ധാർഷ്ട്യവുമൊക്കെ ചേർന്നാണ് പലപ്പോഴും പ്രതിസന്ധികൾ രൂക്ഷമാക്കുന്നത്. വൻ മുതൽമുടക്കുള്ള പദ്ധതികളുടെ പണി നീണ്ടുപോയാൽ അതിൽ നിന്ന് ലാഭം കൊയ്യാൻ കാത്തിരിക്കുന്നവരുടെ ഗൂഢതാത്പര്യങ്ങളും കാണാതെ പോകരുത്.
അതിവേഗം കുതിച്ചുയരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം നേരിടാൻ പുറത്തു നിന്നുള്ള വൈദ്യുതിയാണ് ആശ്രയം. വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നാണ് ഇവിടത്തെ നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം. ശേഷിക്കുന്നതു മുഴുവൻ പുറത്തുനിന്നു വാങ്ങേണ്ടിവരുന്നു. പ്രസരണ ലൈനുകളുടെ ശേഷിക്കുറവ് ഇതുവരെ വലിയ പ്രശ്നമായിരുന്നു. ഇടമൺ - കൊച്ചി 400 കെ.വി ലൈൻ പൂർത്തിയായതോടെ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും സംസ്ഥാനത്തേക്ക് വൈദ്യുതി എത്തിക്കാനാകും. കൂടംകുളം നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ 266 മെഗാവാട്ട് കേരളത്തിന് അവകാശപ്പെട്ടതാണ്. പവർ ഹൈവേ പൂർത്തിയായതോടെ ഈ വൈദ്യുതി പ്രസരണ നഷ്ടം കുറച്ച് എത്തിക്കാനാകും. സംസ്ഥാനത്തുടനീളം വൈദ്യുതി നില ഇതോടെ മെച്ചപ്പെടുകയും ചെയ്യും. നേരത്തേ ഉദുമൽപെട്ട് വഴിയാണ് കൂടംകുളം വൈദ്യുതി ഇവിടെ എത്തിയിരുന്നത്. ലൈനിന്റെ ദൈർഘ്യം കാരണം വലിയ പ്രസരണ നഷ്ടവും നേരിടേണ്ടി വന്നിരുന്നു. ആ പ്രശ്നം ഇപ്പോൾ തീർന്നിരിക്കുകയാണ്. ഉദുമൽപെട്ട് -പാലക്കാട് ലൈൻ തകരാറിലായാലും കേരളം ഒന്നാകെ ഇരുട്ടിലാകുന്ന സ്ഥിതി പുതിയ ലൈൻ വന്നതോടെ ഇല്ലാതായിരിക്കുകയാണ്. രാജ്യത്തിന്റെ ഏതുഭാഗത്തു നിന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി എത്തിക്കാനും ഇനി കഴിയും.