പാലോട്: അപകടത്തിൽപ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ്-108' ആംബുലൻസുകൾ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സർവീസുകൾ നടത്തുന്നുണ്ട് 108 ആംബുലൻസുകൾ 24 മണിക്കൂറുകൾ സർവീസ് നടത്തേണ്ടതാണ്. എന്നാൽ ചില ഗ്രാമങ്ങളിൽ 108 ആംബുലൻസുകൾ 12 മണിക്കൂറുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. മലയോര പ്രദേശങ്ങളായ ഇടിഞ്ഞാർ, മങ്കയം,ബ്രൈമൂർ, പെരിങ്ങമ്മല ,മടത്തറ, പ്രദേശങ്ങളിലെ ആദിവാസികളുടെ ഏക ആശ്രയമായ പാലോട് സർക്കാർ ആശുപത്രിയിൽ രാത്രികാല ആംബുലൻസ് സർവീസുകൾ നിർത്തലാക്കി. ആശുപത്രിയിലുണ്ടായിരുന്ന മറ്റു രണ്ടു ആംബുലൻസുകൾ പണിമുടക്കിയിട്ട് മാസങ്ങളായി. സാധാരണക്കാരായ ജനങ്ങളാണ് 108 പോലുള്ള സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഇപ്പോൾ രാത്രി 108 ഉം ഇല്ല. എം.പി ഫണ്ടിൽ നിന്നും അടുത്തിടെ ലഭ്യമാക്കിയ ആംബുലൻസും പഞ്ചായത്തിൽ നിന്നും ലഭ്യമാക്കിയ ആംബുലൻസും ഇവിടെ ഇല്ലാത്ത സ്ഥിതിയിലാണ്. 108 ആംബുലൻസിന്റെ സേവനം 24 മണിക്കൂറും പാലോട് സർക്കാർ ആശുപത്രിയിൽ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരണം: ടയർ ലഭ്യമാകാതിരുന്നതിനാലാണ് എം.പി ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസ് ഓടാതിരുന്നത്.
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ആംബുലൻസ് സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനു വേണ്ടിയുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ട്.
മെഡിക്കൽ ഓഫീസർ ഡോ: ശ്രീജിത്ത്