കിളിമാനൂർ:ഇന്ന് ഗ്രാമങ്ങളും പട്ടണങ്ങളും ലഹരിക്കടിപ്പെട്ടിരിക്കുന്ന എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിന്റെ ആഘാതത്തിലാണ് ജനങ്ങൾ.പട്ടണങ്ങളേക്കാൾ ലഹരിയുടെ ഉപയോഗത്തിൽ ഗ്രാമങ്ങൾ വളരെ മുന്നിലാണ്.ഒപ്പം ലഹരിക്കടിമപ്പെട്ട് ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും വർദ്ധിച്ചിരിക്കുകയാണ്. അടുത്തിടെ കിളിമാനൂരിലുണ്ടായ രണ്ട് സംഭവങ്ങളും വിരൾ ചൂണ്ടുന്നത് യുവാക്കളുടെ അമിത ലഹരി ഉപയോഗത്തെപ്പറ്റിയും അതുണ്ടാക്കുന്ന അത്യാഹിതങ്ങളെപ്പറ്റിയുമാണ്.

സമീപകാലത്ത് പ്രദേശത്ത് നടന്നിട്ടുള്ള കൊലപാതകങ്ങളിലും, ആക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ളതെല്ലാം ഒരു കാലത്ത് ആത്മാർത്ഥ സുഹൃത്തുക്കളോ ,നിലവിൽ സുഹൃത്തുക്കളോ ആണ്. മദ്യപിച്ച് കഴിയുമ്പോൾ മുൻപ് എന്നോ ചെയ്ത നിസ്സാര കാര്യത്തിന്റെ പേരിൽ പോലും വളക്കടിക്കുകയും ഈ വഴക്കുകൾ കൊലപാതകത്തിൽ കലാശിക്കുമ്പോഴുമാണ് നമ്മൾ ഇതെപ്പറ്റി ചിന്തിക്കുന്നത്.

രണ്ടാഴ്ചക്ക് മുമ്പ് മദ്യപിക്കുന്നതിനിടയിലെ തർക്കത്തെ തുടർന്ന് അയൽവാസിയും സുഹൃത്തുമായ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് കഴിഞ്ഞ ദിവസം വീണ്ടും ഇത്തരത്തിലുള്ള സംഭവം കിളിമാനൂരിൽ അരങ്ങേറിയത്.നഗരൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ കരവാരം നെടുമ്പറമ്പ് പ്രഭാകരൻ - വിമല ദമ്പതികളുടെ മകൻ കിങ്ങിണി എന്നു വിളിക്കുന്ന ശ്രീരാജ് (32, ആണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തുക്കളുടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് മരിച്ചത്.രണ്ടാഴ്ച മുമ്പ് തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തൻ വിട്ടിൽ സഞ്ചു (32) വിനെ നാട്ടുകാരായ അൽ അമീനും, അൽ മുബിനും ചേർന്ന് ബാറിലെ തർക്കത്തെ തുടർന്ന് കുത്തി കൊലപ്പെടുത്തിയിരുന്നു. സഞ്ചു വിന് ഒപ്പമുണ്ടായിരുന്ന ഷിബു കുത്തേറ്റ് ഇപ്പോഴും ചികിത്സയിലാണ്.

സുഹൃത്തുക്കളായ ശ്രീരാജും, ബിജുവും, ദീപുവും കഴിഞ്ഞ ദിവസം രാവിലെ തന്നെ ഒപ്പം ഉണ്ടായിരുന്നു.ഇതിനിടയിൽ ശ്രീരാജും, ദീപുവും തമ്മിൽ വഴക്കിടുകയും ദീപു ശ്രീരാജിനെ മർദ്ധിക്കുകയും ചെയ്തു. തുടർന്ന് ശ്രീരാജിന്റെ വീട്ടിൽ എത്തിയ ദീപുവിനെ ശ്രീരാജ് വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത വശം വച്ച് വെട്ടുകയും കേശവപുരം ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തു. ഇതേ തുടർന്ന് വീണ്ടും പ്രശ്നങ്ങൾ പരിഹരിച്ച് മൂവരും ശ്രീ രാജിന്റെ വീടിന് സമീപത്ത് വച്ച് മദ്യപിക്കുകയും തർക്കത്തിൽ ഏർപ്പെടുകയും ശ്രീരാജിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. മർദനമേറ്റ ശേഷം അവശനായി വീട്ടിൽ എത്തിയ ശ്രീരാജ് ആശുപത്രിയിൽ പോകാൻ വാഹനം വിളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിക്കുകയുമായിരുന്നു. ഈ സമയം ഓടികൂടിയ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പ്രതികളിൽ ഒരാളായ ദീപുവിന പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്നു ബിജു ഓടി രക്ഷപ്പെടുകയായിരുന്നു.

ലഹരി വില്ലൻ

നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും പ്രശ്നബാധിത മേഖലകളാണ്.പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതോടെ പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് കരുതിയെങ്കിലും തെറ്റി. പൊലീസ് വാഹനങ്ങൾക്ക് കടന്നുചെല്ലാൻ പോലും പറ്റാത്ത സ്ഥലങ്ങളിൽ താവളമടിച്ച് മദ്യത്തിന്റേയും കഞ്ചാവിന്റേയും ലഹരിക്കടിപ്പെട്ട് കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ തടയാനാകാത്തതാണ് പ്രധാന പ്രശ്നം. ഈ മേഖലയിൽ ഡ്രൈഡേകളിൽപോലും മദ്യം ഒഴുകുകയാണ്.

കഞ്ചാവും മദ്യവും

നഗരൂർ, നെടുമ്പറമ്പ്,നന്ദായ് വനം,ലക്ഷംവീട് കോളനി,മാടപ്പാട്, എന്നിവിടങ്ങളിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴായി എക്സൈസ് സംഘങ്ങൾ പരിശോധന നടത്തിയെങ്കിലും കാരിയർമാരെ പിടികൂടാനായില്ല. പരിശോധനയെക്കുറിച്ചുള്ള വിവരങ്ങൾ ജംഗ്ഷൻതോറും കൈമാറുന്നതിനാലാണ് ഇവരെ പിടിക്കാനാകാത്തത്.കൊച്ചിയിലും തമിഴ് നാട്ടിലും ജോലിചെയ്യുന്നവർ നാട്ടിലെത്തുമ്പോഴാണ് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം .കല്യാണത്തിലും ഉത്സവങ്ങൾക്കുമെല്ലാം ഇപ്പോൾ മദ്യവും കഞ്ചാവും ശേഖരിച്ചുവയ്ക്കുന്നതായും പറയപ്പെടുന്നു.