vt

തിരുവനന്തപുരം : മനാഫ് വധക്കേസിൽ പുനർവിചാരണ നടത്തുക, സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കുക, ദുബായിൽ സുഖജീവിതം നയിക്കുന്ന പി.വി. അൻവർ എം.എൽ.എയുടെ സഹോദരീപുത്രനെ ഇന്റർപോൾ സഹായത്തോടെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മനാഫിന്റെ കുടുംബാംഗങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ നീതി സമരം നടത്തി. വി.ടി. ബൽറാം എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വേണ്ടപ്പെട്ടവരെ സഹായിക്കാൻ എന്തു വഴിവിട്ട നീക്കവും നടത്തുന്നവരാണ് സംസ്ഥാനത്തെ ഭരണപക്ഷമെന്നും ഉറക്കം നടിക്കുന്ന ഇവരെ വിളിച്ചുണർത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഏറ്റവുമൊടുവിൽ വാളയാറിലെ പെൺകുട്ടികളുടെയുമെല്ലാം ഘാതകർക്ക് സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്യുന്നത്. കാൽ നൂറ്റാണ്ടായി തുടരുന്ന നീതി നിഷേധം അവസാനിപ്പിക്കണം. കഴിവുള്ള വക്കീലിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനാഫിന്റെ പിതൃ സഹോദരൻ പി.പി. അബൂബക്കർ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എം.കെ. മുനീർ, പി.കെ. ബഷീർ എന്നിവർ സമരപ്പന്തലിലെത്തി. മനാഫിന്റെ സഹോദരിമാരായ സുബൈദ, ഫാത്തിമ, റഹ്‌മാബി, ഹബീബ്, റജീന, സഹോദരന്മാരായ അബ്ദുൽ ഹമീദ്, ജലീൽ, മൻസൂർ, അദ്ബുൽ റസാഖ് എന്നിവരടക്കമുള്ള ബന്ധുക്കളാണ് സമരത്തിൽ പങ്കെടുക്കുന്നത്.