m-pradeep

വർക്കല: ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധിക്കുള്ള വെട്ടൂർ സദാശിവൻ പുരസ്‌കാരം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപിന് ലഭിച്ചു. 15555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. താലൂക്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗനിർഭരമായി പ്രവർത്തിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിറയിൻകീഴിലെ ചരിത്രവും 112 സഹപ്രവർത്തകരുടെ തൂലികാചിത്രങ്ങളും ഉൾപ്പെടുത്തി സിന്ദൂരമാലയിലെ രക്തപുഷ്‌പങ്ങൾ എന്ന ചരിത്രഗ്രന്ഥം രചിക്കുകയും ചെയ്‌ത വെട്ടൂർ സദാശിവന്റെ കുടുംബാംഗങ്ങളാണ് അവാർഡ് ഏർപ്പെടുത്തിയത്. ജനുവരി ആദ്യവാരം നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ പുര‌സ്‌കാരം സമ്മാനിക്കും. ആറ്റിങ്ങൽ നഗരസഭയുടെ നേട്ടങ്ങൾക്കു പിന്നിൽ ജനപ്രതിനിധിയായ പ്രദീപിന്റെ മാതൃകാപരമായ പ്രവർത്തനമുണ്ടെന്ന് കെ.എം. ലാജി, കെ. ജയപ്രകാശ്, എമിലി സദാശിവൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റി വിലയിരുത്തി. 1979 മുതൽ സി.പി.എം അംഗമായ പ്രദീപ് ഏരിയാകമ്മിറ്റി അംഗം,​ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സമഗ്രശിക്ഷ അഭിയാൻ കേരളയുടെ സംസ്ഥാന ഗവേണിംഗ് ബോഡി അംഗമാണ്. 2002ൽ അൽജീരിയയിൽ നടന്ന ലോക യുവജന സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധിയായിരുന്നു പ്രദീപ്. എസ്. ശ്രീലതയാണ് ഭാര്യ: അഞ്ജലി പ്രദീപ്, അജയ് പ്രദീപ് എന്നിവർ മക്കൾ.