തിരുവനന്തപുരം:സർവകലാശാല വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്ത് വന്ന ശേഷം മോഡറേഷൻ നൽകുന്ന സമ്പ്രദായം പുനരാലോചിക്കണമെന്നും, പ്രതിപക്ഷം ഒരുക്കമെങ്കിൽ ഇക്കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്നും മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ പറഞ്ഞു.
സർവകലാശാല നിയമന ഭേദഗതി ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫൈനാൻസ് ഓഫീസർ എന്നിവരുടെ നിയമന കാലയളവ് നാല് വർഷമോ, 56 വയസോ ആയി ഏകീകരിക്കുന്നതിനുള്ള ഭേദഗതി ബില്ലുകൾ സഭ പാസ്സാക്കി.
2012 ൽ കലിക്കറ്റ് സർവകലാശാലയിൽ 1200 വിദ്യാർത്ഥികൾക്കാണ് പരീക്ഷാഫലം വന്ന ശേഷം മോഡറേഷൻ നൽകിയതെന്ന് മന്ത്രി ജലീൽ പറഞ്ഞു. എം.ജി.സർവകലാശാലയിൽ മോഡറേഷൻ നൽകിയതിൽ താൻ ഇടപെട്ടിട്ടില്ല. ഇതേക്കുറിച്ച് പ്രതിപക്ഷനേതാവ് ഗവർണർക്ക് പരാതി നൽകിയിരിക്കുകയാണ്.താൻ ഇടപെട്ടെന്ന് തെളിഞ്ഞാൽ പ്രതിപക്ഷനേതാവ് പറയുന്നത് ചെയ്യാം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിക്കടി വരുത്തുന്ന മാറ്റങ്ങളിൽ അസഹിഷ്ണുതയുള്ളവരാണ് തനിക്കെതിരെ ആരോപണങ്ങളുമായി വന്നിട്ടുള്ളത്. സുപ്രീംകോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതെന്നും ജലീൽ പറഞ്ഞു.
. എന്നാൽ കാലിക്കറ്റ് സർവകലാശാലയിൽ പ്രിൻസിപ്പൽമാരുടെയും സർവകലാശാലയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ,എ.ഐ.സി.ടി ഇ നിർദ്ദേശപ്രകാരം പ്രത്യേക പാക്കേജായാണ് മോഡറേഷൻ നൽകിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും പറഞ്ഞു. എം.ജി.സർവകലാശാലയിൽ ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് മോഡറേഷൻ നൽകിയതെന്നും അവർ പറഞ്ഞു.