തിരുവനന്തപുരം: സർക്കാർ ഓഫീസുകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും സൗജന്യ ഇൻർനെറ്റ് ലഭ്യമാക്കുന്നതിനായുള്ള കെ ഫോൺ പദ്ധതിക്കായി കണക്കാക്കിയ തുകയിൽ അപാകതയുണ്ടായെന്നും ഇത് തിരിച്ചറിഞ്ഞയുടൻ തിരുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ഏഴ് വർഷത്തേക്ക് കണക്കാക്കുന്നതിന് പകരം ഒരു വർഷത്തേക്കാണ് തുക കണക്കാക്കിയത്. ഒരു വർഷത്തേക്ക് 104.40 കോടിയാണ് ആദ്യം നിശ്ചയിച്ചത്. ഏഴു വർഷത്തേക്കായി ഭരണാനുമതി നൽകിയപ്പോൾ 1028.20 കോടിയായി. സംസ്ഥാനത്താകെ നെറ്റ്‌വർക് സജ്ജമാകുന്നതിനുള്ള രണ്ട് വർഷത്തെ നിർമ്മാണ പ്രവർത്തനത്തിനുള്ള ചെലവും മൂലധന ചെലവും ഏഴ് വർഷത്തെ പ്രവർത്തന പരിപാലന ചെലവും ഉൾപ്പെടെയാണ് 1531.68 കോടിക്ക് കരാർ നൽകിയത്. അബദ്ധം എത് വിദഗ്ദനും പറ്റും. പി.ഡബ്ല്യൂ.സി എന്ന ലോക പ്രശസ്ത സ്ഥാപനമാണ് കെഫോണിന് സാദ്ധ്യത പഠനം നടത്തിയത്. അവർക്ക് പറ്റിയ അബദ്ധമാണ് കണക്കിലുണ്ടായതെന്നും രമേശ് ചെന്നിത്തല, എ.പി അനിൽകുമാർ, വി.ഡി സതീശൻ, ഷാനിമോൾ, എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കെ ഫോൺ പദ്ധതി പൊതുമേഖല സംരംഭമാണെന്നും സ്വകാര്യ ഏജൻസികളെ നിയോഗിച്ചത് പദ്ധതി നിർവഹണത്തിന് നിശ്ചിത കാലയളവിലേക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരത് ഇലകട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, കൊറിയൻ ആസ്ഥാനമായുള്ള എൽ.എസ് കേബിൾ, എസ്.ആർ.ഐ.ടി എന്നീ കമ്പനികളാണ് കെഫോണിനായുള്ള കൺസോർഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് 52000 കിലോമീറ്റർ ദൂരത്താണ് ഒപ്ടിക്കൽ ഫൈബർ ശൃംഖല സജ്ജമാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സെക്കന്റിൽ 400 ബാൻഡ്‌വിഡ്ത് ലഭ്യമാകുമെന്നും ഇതനുസരിച്ച് ഇന്റർനെറ്റ് വേഗത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഫോണിനായി കെ.എസ്.ഇ.ബിയുടെ 378 സബ് സ്റ്റേഷനുകളിലും ടെലികോം ഉപകരണങ്ങൾ സഥാപിക്കും. കെ.എസ്.ഇ.ബിയുടെ 110, 220, 400 കെ.വി ലൈനുകൾക്ക് സമാന്തരമായി പോസ്റ്റുകൾ വഴിയാണ് ഓപ്ടിക്കൽ ഫൈബർ ശൃംഖല ഒരുക്കുന്നതെന്ന് എം.സ്വരാജിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേബിൽ, ടെലികോം, കണ്ടന്റ കമ്പനികൾക്കടക്കം തുല്യ അവസരം ഉറപ്പാക്കും വിധമാണ് കെഫോൺ സജ്ജീകരിക്കുക. നിർമ്മിത ബുദ്ധി, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കൂടുതൽ വികസന സാദ്ധ്യതയാണ് കെഫോണിലൂടെയുണ്ടാവുക. ഗ്രാമങ്ങളിലെ ചെറുകിട സംരംഭങ്ങൾക്ക് ഇ-കൊമേഴ്സ് സാധ്യതകൾ കൈവരും. ഇ- ഡിസ്ട്രിക്ട്, ഇ-ഹെൽത്ത് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. ജയിലും കോടതിയും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ
വീഡിലോ കോൺഫറൻസിംഗ് സംവിധാനം യാഥാർത്ഥ്യമാകുമെന്ന് ആബിദ് ഹുസൈൻ തങ്ങൾ, എ.എൻ. ഷംസീർ, വി.കെ പ്രശാന്ത് എന്നിവർക്കുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.