തിരുവനന്തപുരം: വാളയാർ കേസിലെ വീഴ്ചയ്ക്ക് ഉത്തരവാദിയായ സർക്കാർ വക്കീലിനെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഉത്തരവിൽ ഒപ്പിട്ടത്. കഴിഞ്ഞ സർക്കാരാണ് ഈ വക്കീലിനെ നിയമിച്ചത്. സംഭവത്തെ തുടർന്ന് പൊലീസുകാർക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ അവസാനിക്കില്ല. പരിശോധന തുടരുമെന്നും ഇനിയും നടപടികൾ തുടരുമെന്നും മുഖ്യമന്ത്രി എം. വിൻസെന്റിനെ അറിയിച്ചു.
സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ എതിർക്കില്ല. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ മറ്റൊരു കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. എന്നാൽ അപ്പീൽ പോകുന്ന ഘട്ടത്തിൽ പുനരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെടും.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ സർക്കാറിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചിട്ടില്ല. മാതാപിതാക്കൾക്കൊപ്പമാണ് സർക്കാർ.അവരുടെ താത്പര്യം സംരക്ഷിക്കുന്നതിന് സർക്കാർ ഏതറ്റം വരെയും പോകും. ഇതിൽ അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ല. മാതാപിതാക്കൾ തന്നെ കണ്ടിരുന്നു. സർക്കാർ സ്വീകരിക്കുന്ന
നടപടികളിൽ അവർ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പിന്നീട് മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴും അവർ മറിച്ച് പറഞ്ഞിട്ടില്ല- അദ്ദേഹം പറഞ്ഞു.