road

വെഞ്ഞാറമൂട് : സ്കൂൾ കുട്ടികൾക്കായി നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ് സുരക്ഷ വിദ്യാഭ്യാസ ബോധവത്കരണ പരിപാടി "കുട്ടികളും റോഡ് സുരക്ഷയും " വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു എസ്. നായർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ ബി.ജയൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി ചെയർമാൻ പി. വാമദേവൻ പിള്ള, കെ.എസ്.ടി.പി കൺസൾട്ടന്റ് ടി.വി. സതീഷ്, വെഞ്ഞാറമൂട് യു.പി. സ്കൂൾ എച്ച്.എം ഗീതകുമാരി, എ.എസ്.ഐ ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസുകൾ നാ‌റ്റ്പാക് കൺസൾട്ടന്റ് ജേക്കബ് ജെറോം, സയന്റിസ്റ്റ് ബി. സുബിൻ, പ്രോജക്ട് എൻജിനിയർ വി. വിനീത്, ജെ.എച്ച്.ഐ അരുൺ എന്നിവർ നയിച്ചു. തുടർന്ന് വെഞ്ഞാറമൂട് ഗുരുമന്ദിരം എസ്.എൻ.ഡി.പി ഹാളിൽ പൊലീസ് ഡ്രാമാ വിഭാഗം അവതരിപ്പിച്ച "സിഗ്നൽ " നാടകത്തോടെ പരിപാടികൾ സമാപിച്ചു. വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഗവ. യു.പി സ്കൂൾ, ശാലിനി ഭവൻ യു.പി സ്കൂൾ തുടങ്ങിയവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാന പാത ഒന്നിനെ സുരക്ഷാ ഇടനാഴിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മോഡൽ പദ്ധതിയിലൂടെ അധികം ചെലവില്ലാതെ തന്നെ നിലവിലെ റോഡുകളെ സുരക്ഷിതവും, നിലവാരമുള്ളവയുമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.