തിരുവനന്തപുരം: കൂലിപ്പണിക്കാരനായ പുഷ്‌പരാജൻ 'മേസ്തിരി' എഴുതിയ നോവലായ 'ജീവന്റെ അടയാളങ്ങൾ'ക്ക് ആമുഖക്കുറിപ്പ് എഴുതിയത് എഴുത്തിന്റെ പെരുന്തച്ചനായ എം.ടി! പുഷ്പരാജന്റെ ജീവിതം പോലെ അതും ദീർഘമായൊരു കഥയാണ്.
കൂതാളി ഗവൺമെന്റ് എൽ.പി സ്കൂളിൽ മൂന്നാം ക്ളാസിൽ പഠിക്കുന്ന കാലത്താണ് പുഷ്‌പരാജൻ 'മേസ്തിരി' എം.ടി എന്ന പേര് ആദ്യം കേൾക്കുന്നത്. അന്നൊരുനാൾ ബാലുമണി സാർ പറഞ്ഞു, നാളെ 20 പൈസയുമായി വരണം. കുട്ടികളെ സിനിമയ്‌ക്ക് കൊണ്ടുപോകുന്നു. സിനിമ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും എഴുതിയ 'ഓപ്പോൾ.' ടിക്കറ്റിന് 20 പൈസ കൊടുക്കാൻ ഇല്ലാതിരുന്നതുകൊണ്ട് പുഷ്‌പൻ സിനിമയ്‌ക്കു പോയില്ല. പക്ഷേ, ബാലുമണിസാർ എം.ടിയെക്കുറിച്ച് പറഞ്ഞതൊന്നും മറന്നില്ല.
എട്ടു വർഷം മുമ്പ് പുഷ്‌പരാജൻ നോവൽ എഴുതിയപ്പോൾ പ്രസാധനത്തിന് ആരുമുണ്ടായില്ല. കൂലിപ്പണിയിൽ നിന്ന് മിച്ചംപിടിച്ച കാശെടുത്ത് പുസ്‌തകമിറക്കി. അപ്പോൾ ഒരു അഗ്രഹം. എം.ടിയുടെ അവതാരിക വേണം. മേസ്തിരി പണിക്കായി കോഴിക്കോട്ടേക്ക് വണ്ടികയറുമ്പോൾ പ്രധാന ലക്ഷ്യം എം.ടിയെ കാണുകയായിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന മാദ്ധ്യമസ്ഥാപനത്തിനു മുന്നിൽ പല ദിവസം പോയി നിന്നു, ധൈര്യക്കുറവ് മൂലം തിരകെ പോന്നു. ഒരിക്കൽ തുഞ്ചൻപറമ്പിലും പോയി. ഒടുവിൽ തന്റെ ആഗ്രഹം കാട്ടി എം.ടിക്ക് ഒരു കത്ത്. 'ജീവന്റെ അടയാളങ്ങൾ' എഴുതുമ്പോൾ മനസിലുദിച്ച അവതാരികമോഹം അറിയിച്ചുള്ള കത്തിനൊപ്പം പുസ്തകത്തിന്റെ ആദ്യകോപ്പിയും അയച്ചുകൊടുത്തു. പിന്നെ സംഭവിച്ചത് പ്രതീക്ഷിച്ചതിനപ്പുറം, എം.ടിയുടെ വിലപ്പെട്ട അവതാരിക കിട്ടി. അതുൾപ്പെടുത്തിയ രണ്ടാംപതിപ്പ് പ്രകാശനം ചെയ്തത് ഷാർജ ഫെസ്റ്റിവലിൽ. പാസ്പോർട്ടില്ലാത്തിനാൽ ചടങ്ങിന് പോകാനായില്ല.
സങ്കടങ്ങളുടെ പെരുംകഥ
വെള്ളറടയ്‌ക്കടുത്ത്, കാക്കതൂക്കിയിൽ എൻ.വി. പുഷ്‌രാജന്റെ ജീവിതത്തിന്റെ ആദ്യാദ്ധ്യായത്തിൽ നിന്നേ തുടങ്ങുന്നു, സങ്കടങ്ങളുടെ പെരുംകഥ. കിടപ്പിലായ അച്ഛനും കൂലിവേലയ്‌ക്കു പോകുന്ന അമ്മയും. ഏഴാം ക്ളാസിൽ പഠനം നിറുത്തേണ്ടിവന്നു. അനന്തരാദ്ധ്യായങ്ങളിൽ പുഷ്‌പരാജന് പല വേഷങ്ങൾ. റബർ ടാപ്പിംഗ്, ഹോട്ടൽ തൊഴിലാളി, കെട്ടിടനിർമ്മാണ തൊഴിലാളി...
ടാപ്പിംഗിന് പോയിത്തുടങ്ങിയ കാലത്ത് ആദ്യത്തെ കൂലി കൊണ്ട് നാട്ടിലെ യുവശില്പി വായനശാലയിൽ അംഗത്വമെടുത്തു. ആദ്യം കൈയിലെടുത്തത് 'രണ്ടാമൂഴം.' എം.ടിയിൽ നിന്ന് വായന തകഴിയിലേക്കും ബഷീറിലേക്കും ഒ.വി. വിജയനിലേക്കും വളർന്നു. കഥകൾ മനസിൽ വിങ്ങിയപ്പോൾ എഴുതിത്തുടങ്ങി. അടിയന്തരാവസ്ഥയുടെ ആദ്യരാത്രിയിലെ ചില സംഭവങ്ങളാണ് നോവലിന് ഇതിവൃത്തം. നോവലും കഥയും കവിതയുമായി ആറു പുസ്തകങ്ങളായി. 'ജീവന്റെ അടയാളങ്ങൾ' അവസാനിക്കുന്നത് ഇങ്ങനെ: 'പുറത്ത്, ചാറ്റൽമഴ പെരുമഴയായി....' ദുരിതങ്ങൾ തോരാത്ത ജീവിതത്തിൽ പുഷ്‌പരാജനു കൂട്ടായി ഭാര്യ ഷീലാറാണിയും മക്കൾ അലീനയും അധിനും.