bijuu

തിരുവനന്തപുരം: പൊലീസ് അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കരിമഠം കോളനി ടി.സി 32/1942ൽ മോഹനന്റെ മകൻ ബിജുവിനെയാണ് (41)​ ഇന്നലെ വൈകിട്ട് മൂന്നോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കേനടയിലെ പ്രീപെയ്ഡ് ആട്ടോസ്റ്രാൻഡിലുണ്ടായ തർക്കത്തിൽ ആട്ടോ ഡ്രൈവറായ ഇയാളെ ശനിയാഴ്ച രാത്രി ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ‌ഞായറാഴ്ച ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: മറ്റൊരു യൂണിയനിലെ ആട്ടോഡ്രൈവറായ താൻ കിഴക്കേനടയിൽ നിന്ന് ആളെ ആട്ടോയിൽ കയറ്റിയെന്ന കാരണത്താൽ ബിജുവും അനിലും മർദ്ദിച്ചതായി ആരോപിച്ച് രാജൻ എന്നയാൾ ശനിയാഴ്ച രാത്രിയോടെ പൊലീസിന് പരാതി നൽകി. ഇതിനെ തുടർന്നാണ് ഇരുവരേയും കസ്റ്രഡിയിലെടുത്തത്. രണ്ടുപേരും മദ്യപിച്ചിരുന്നു. ഗുരുതരമായ വകുപ്പുകളൊന്നും ഇവർക്കെതിരെ ചുമത്തിയിരുന്നില്ല. വൈദ്യപരിശോധനയ്ക്ക് ശേഷം പിറ്റേന്ന് രാവിലെ 11ഓടെ സ്റ്രേഷൻ ജാമ്യത്തിൽ ബിജുവിനെ വിട്ടയച്ചു. ജാമ്യക്കാർ എത്തിയതിനാൽ അനിലിനെ ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് സുരക്ഷാമേഖലയിൽ വരുന്ന പ്രീപെയ്ഡ് ആട്ടോ കൗണ്ടർ പൂട്ടാൻ പൊലീസ് നിർദ്ദേശിച്ചു. മുൻപും ഇവിടെ തർക്കങ്ങളും വാക്കേറ്റവും നടന്നിരുന്നു. തുടർന്ന് യൂണിയനുകൾ കൗണ്ടർ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. കൗണ്ടർ പൂട്ടാൻ കാരണക്കാരായി എന്നു കാണിച്ച് സി.ഐ.ടി.യു പ്രസിഡന്റായിരുന്ന ബിജുവിനെയും സെക്രട്ടറിയായിരുന്ന അനിലിനേയും ഭാരവാഹിത്വത്തിൽ നിന്ന് യൂണിയൻ നീക്കം ചെയ്തിരുന്നു. തുടർന്ന് യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പ്രഭ.മക്കൾ:നീതു,നിഖിൽ